എങ്ങുമെത്താതെ മൂർക്കനാട് സ്കൂൾ കടവ് നടപ്പാലം നിർമാണം
text_fieldsപ്രളയത്തിൽ തകർന്ന മൂർക്കനാട് സ്കൂൾ കടവ് പാലം
അരീക്കോട്: ഒരു അധ്യയന വർഷം കൂടിയെത്തിയെങ്കിലും പ്രളയത്തിൽ ഒലിച്ചു പോയ മൂർക്കനാട് സ്കൂൾ കടവ് നടപ്പാലം പുനർനിർമാണം എങ്ങുമെത്തിയില്ല. പ്രദേശവാസികൾക്കൊപ്പം വിദ്യാർഥികളും ഇതുമൂലം ദുരിതത്തിലാണ്. 2018 ൽ ചാലിയാറിലുണ്ടായ പ്രളയത്തിലാണ് സ്കൂൾ കടവ് പാലത്തിന്റെ മധ്യഭാഗം ഒലിച്ചു പോയത്. 2019 ലെ മഹാപ്രളയത്തിൽ ബാക്കി പാലം ഭാഗികമായും ഒലിച്ചു പോയി.
അരീക്കോട് അങ്ങാടിയെയും ഊർങ്ങാട്ടിരി പഞ്ചായത്തിലെ മൂർക്കനാട് എന്ന പ്രദേശത്തെയും ബന്ധിപ്പിച്ചിരുന്നത് ഈ നടപ്പാലമായിരുന്നു. പ്രദേശവാസികൾക്ക് പുറമെ സുബുല്ലുസ്സലാം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായിരുന്നു പാലം കൂടുതലായി ഉപയോഗിച്ചിരുന്നത്. 2009ൽ ഈ കടവിലുണ്ടായ തോണി ദുരന്തത്തിൽ ഈ സ്കൂളിലെ എട്ടുവിദ്യാർഥികൾ മരിച്ചിരുന്നു. ഇവരുടെ സ്മരണക്കായാണ് ഇവിടെ പാലം നിർമിച്ചത്.
പാലം ഇല്ലാതായതോടെ അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചുവേണം വിദ്യാർഥികൾക്ക് സ്കൂളിലും പ്രദേശവാസികൾക്ക് വീടുകളിലും അങ്ങാടികളിലും എത്താൻ. മൂർക്കനാട് ഭാഗത്തേക്ക് ബസ് ഉൾപ്പെടെയുള്ളവ കുറവായത് ദുരിതം ഇരട്ടിയാക്കുന്നു. ഈ പാലം ഒലിച്ചു പോയ ശേഷം ചാലിയാറിന് കുറുകെ അടുത്തടുത്ത് രണ്ടു പുതിയ പാലങ്ങളാണ് ഉയർന്നത്. മൂർക്കനാട് പാലത്തിനോട് മാത്രം എന്താണ് അവഗണനയെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. പാലം ഒലിച്ചുപോയ ശേഷം കടവിലേക്ക് കുളിക്കാനും മറ്റും ആരും പഴയത് പോലെ എത്തുന്നില്ല. ഇത് മറയാക്കി സാമൂഹിക വിരുദ്ധർ ഇവിടെ അഴിഞ്ഞാടുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

