കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമാണം വേഗത്തിലാക്കും - മന്ത്രി
text_fieldsപി. ഉബൈദുല്ല എം.എൽ.എ തിരുവനന്തപുരത്ത് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ചർച്ച നടത്തുന്നു
മലപ്പുറം: മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണ നടപടികൾ വേഗത്തിലാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പി. ഉബൈദുല്ല എം.എൽ.എക്ക് ഉറപ്പുനൽകി.
സെക്രട്ടേറിയറ്റിൽ മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിർമാണം നീണ്ടുപോകുന്ന വിഷയം തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നടപടികൾ അവലോകനം ചെയ്യാനായി വരുന്ന നിയമസഭ കാലയളവിൽ ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്ഥിതിഗതികൾ ആരായാൻ മന്ത്രി കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.
ബസ് ടെർമിനലിന്റെ നിർമാണ പ്രവൃത്തികളുടെ ആദ്യഘട്ടമായി അനുവദിച്ച 7.90 കോടി ചെലവഴിച്ച് ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാലുനില കെട്ടിടത്തിന്റെയും ബസ് ബേയുടെയും പ്രവൃത്തികൾ മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. നാലു നിലകളിലുള്ള പ്രൊജക്ടിന്റെ തുടർ പ്രവൃത്തികൾക്ക് ഫണ്ട് അനുവദിക്കാത്തത് കാരണം പദ്ധതി പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായ ഘട്ടത്തിലാണ് എം.എൽ.എ പദ്ധതിയുടെ പൂർത്തീകരണത്തിനായി മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്നും രണ്ട് കോടി രൂപ അനുവദിച്ചത്.
പാതിവഴിയിൽ മുടങ്ങിക്കിടന്നിരുന്ന യാർഡിന്റെയും ബാക്കിയുള്ള കെട്ടിട നിർമാണ പ്രവൃത്തികളുമാണ് എം.എൽ.എ ഫണ്ടിൽ നിന്നും ഇപ്പോൾ പൂർത്തീകരിക്കുന്നത്.
ഇതോടെ യാത്രക്കാർക്കും പൊതുജനങ്ങൾക്കും പുതിയ ടെർമിനൽ ഉപയോഗിക്കാവുന്ന തരത്തിൽ തുറന്നുകൊടുക്കാൻ സാധിക്കും. 2024-25 വർഷത്തെ ബജറ്റിൽ പ്രഥമ പരിഗണന നൽകി ഫണ്ട് വകയിരുത്താൻ സർക്കാറിൽ സമ്മർദം ചെലുത്തുമെന്നും പി. ഉബൈദുല്ല എം.എൽ.എ അറിയിച്ചു.

