വെട്ടിച്ചിറ അങ്ങാടിയിലെ മേൽപാലം നിർമാണം വേഗത്തിലാക്കണം
text_fieldsവെട്ടിച്ചിറയിൽ പാതിവഴിയിൽ നിൽക്കുന്ന മേൽപാലം
വെട്ടിച്ചിറ: ദേശീയപാത 66 വെട്ടിച്ചിറ അങ്ങാടിയിലെ ആറുവരിപ്പാതയുടെ ഭാഗമായുള്ള മേൽപാലം നിർമാണം ഇഴയുന്നത് ദുരിതമാകുന്നു. പാലം പൂർത്തിയാക്കി അടിപാത തുറന്നു നൽകാത്തതാണ് പ്രശ്ന കാരണം. അടിപ്പാതയില്ലാത്തതിനാൽ ദേശീയ പാതയുടെ ഇരുവശത്തേക്കും പോകാൻ വാഹനങ്ങൾ ഏറെ പ്രയാസപ്പെടുകയാണ്.
ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രമായ കാടാമ്പുഴ ക്ഷേത്രത്തിലേക്ക് പോകുന്നവർ ദേശീയ പാത വെട്ടിച്ചിറ അങ്ങാടിയിൽ നിന്ന് തിരിഞ്ഞാണ് പോകുന്നത്. ഇവിടെയാണ് മേൽപാലം നിർമിക്കുന്നത്. വയോധികർ അടക്കം കാൽനടക്കാരും റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെടുകയാണ്. കാടാമ്പുഴ റോഡിൽ നിന്ന് ഒട്ടനവധി വാഹനങ്ങൾ വരുന്നതിനാൽ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ദേശീയപാത വഴിയും മറ്റും വരുന്ന ശബരിമല തീർഥാടകർ കാടാമ്പുഴ ക്ഷേത്രത്തിൽ കൂടി ദർശനം നടത്തുന്നതിനാൽ വാഹനങ്ങളുടെ തിരക്ക് ഇപ്പോൾ ഏറിയിട്ടുണ്ട്.
മരവട്ടം, കാടാമ്പുഴ, കരേക്കാട് പ്രദേശങ്ങളിൽ നിന്ന് കാടാമ്പുഴ റോഡ് വഴി വാഹനങ്ങളിൽ വരുന്നവർ തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിൽ പ്രവേശിച്ച് ഒരു കിലോമീറ്ററിലധികം അധികം സഞ്ചരിച്ച് വേണം കോഴിക്കോട് ഭാഗത്തേക്ക് കടക്കാൻ.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പ്രധാന ടൗണുകളിലെ മേൽപാലങ്ങൾ പൂർത്തീകരിച്ച് അടിപ്പാതകൾ ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടും ഏറെ പ്രാധാന്യമുള്ള വെട്ടിച്ചിറ ടൗണിലെ മേൽപ്പാലം നിർമാണം വൈകുകയാണ്.
മേൽപാലം നിർമാണം വേഗത്തിലാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് നവകേരള സദസ്സിൽ വ്യക്തികളും സംഘടനകളും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

