തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് രോഗികളുടെ ഭക്ഷണ അവശിഷ്ടങ്ങൾ കളയാൻ വേസ്റ്റ് കം പോസ്റ്റ് പ്ലാൻറ് നിർമാണം തുടങ്ങി. കോവിഡ് വ്യാപനം കൂടിയതോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് കോവിഡ് രോഗികൾക്ക് മാത്രമായി പ്ലാൻറ് നിർമാണം ആരംഭിച്ചത്.
താലൂക്ക് ആശുപത്രി കോവിഡ് സെൻററിന് സമീപ മാണ് നിർമാണം നടക്കുന്നത്. മറ്റു രോഗികളുടെ ഭക്ഷണാവശിഷ്ടങ്ങൾ കളയാൻ താലൂക്ക് ആശുപത്രിയിൽ ബയോഗ്യാസ് പ്ലാൻറുണ്ട്.
താലൂക്ക് ആശുപത്രിക്ക് അനുവദിച്ച കൊറോണ ഫണ്ടിൽ നിന്നാണ് പണം ചെലവഴിക്കുന്നത്. ആഴത്തിൽ കുഴിയെടുത്ത് സൈഡ് ഭിത്തി കെട്ടിയുയർത്തി മുകളിൽ ഷീറ്റിട്ടാണ് നിർമാണം. ഒരാഴ്ചക്കകം പണി പൂർത്തിയാവുമെന്ന് താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.