കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തർക്കം; സമ്മർദ തന്ത്രവുമായി എ ഗ്രൂപ്
text_fieldsമലപ്പുറം: കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിർണയത്തിൽ എ ഗ്രൂപ്പിന് അർഹമായ പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തിൽ ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ‘യുദ്ധ വിരുദ്ധ ജനസദസ്സ്’എന്ന പേരിൽ ശക്തി അറിയിക്കാൻ എ ഗ്രൂപ്. നവംബർ ആദ്യ വാരം മലപ്പുറത്ത് വിപുലമായ തരത്തിൽ ജനസദസ്സ് നടത്തി നേതൃത്വത്തെ പ്രതിഷേധമറിയിക്കാനാണ് എ ഗ്രൂപ് ശ്രമം. പരിപാടിയിൽ സംസ്ഥാന, ദേശീയ നേതാക്കളെല്ലാം പങ്കെടുക്കുമെന്നാണ് എ ഗ്രൂപ്പിന്റെ അവകാശ വാദം.
ഒക്ടോബർ 30നകം പങ്കെടുക്കുന്ന നേതാക്കളുടെ പട്ടിക തയാറാക്കും. ഗ്രൂപ്പിന്റെ ശക്തി സദസ്സിൽ വ്യക്തമാകുമെന്ന് നേതാക്കൾ അവകാശപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ എ ഗ്രൂപ് സമ്മർദ തന്ത്രം ഫലിക്കുമെന്നാണ് ഗ്രൂപ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷന്റെ കീഴിലാകും പരിപാടി നടക്കുക. ശനിയാഴ്ച മലപ്പുറത്ത് ചേർന്ന യോഗത്തിൽ ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ ചെയർമാനായി ബെന്നി ബെഹനാൻ എം.പിയെ തെരഞ്ഞെടുത്തിരുന്നു. നിലവിൽ പ്രാദേശിക, മണ്ഡലം തലങ്ങളിൽ എ ഗ്രൂപ്പിന് പ്രാധാന്യം ലഭിക്കാത്തതിൽ വലിയ പ്രതിഷേധം തുടർന്നുവരുകയാണ്.
നിലവിൽ ബ്ലോക്ക് പ്രസിഡന്റുമാരെയും ജില്ല ഭാരവാഹികളെയും കണ്ടെത്താനായി കെ.പി.സി.സി നിർദേശ പ്രകാരം രൂപവത്കരിച്ച പുനഃസംഘടന ഉപസമിതിയിൽനിന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും മുൻ എം.പി സി. ഹരിദാസും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി, എ.പി. അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, ഇ. മുഹമ്മദ് കുഞ്ഞി എന്നിവരാണ് നിലവിലെ കമ്മിറ്റിയംഗങ്ങൾ. ഒക്ടോബർ ഏഴിന് പുറത്തുവന്ന കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ അന്തിമ പട്ടികയിൽ പ്രാധാന്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ് പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് ഗ്രൂപ് വഴക്ക് വീണ്ടും സജീവമായത്.
സംഭവത്തിൽ പ്രതിഷേധവുമായി എ ഗ്രൂപ് ഒക്ടോബർ എട്ടിന് മഞ്ചേരിയിൽ ഗ്രൂപ് നേതാവിന്റെ വീട്ടിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെ അധ്യക്ഷതയിൽ യോഗവും ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

