വിദ്യാർഥികളെ വലച്ച് നീന്തൽ പരീക്ഷ
text_fieldsമലപ്പുറം: പ്ലസ് വൺ പ്രവേശനത്തിന് രണ്ടുമാർക്ക് വെയിറ്റേജിനുള്ള നീന്തൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ സ്പോർട്സ് കൗൺസിൽ മലപ്പുറത്ത് സംഘടിപ്പിച്ച നീന്തൽ പരീക്ഷ അധികൃതരുടെ അനാസ്ഥയിൽ സംഘർഷാവസ്ഥയിലെത്തി. മലപ്പുറം മേൽമുറി മഅ്ദിൻ കാമ്പസിന് സമീപത്തെ അഞ്ചീനിക്കുളത്തിലാണ് അരിക്കോട്, മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലുള്ളവർക്ക് സൗകര്യമൊരുക്കിയിരുന്നത്.
തിങ്കളാഴ്ച അരിക്കോട് ബ്ലോക്കിലുള്ള നൂറുകണക്കിന് വിദ്യാർഥികൾ എത്തിയെങ്കിലും വേണ്ട സൗകര്യമുണ്ടായിരുന്നില്ല. നടപടിക്രമങ്ങൾ നീങ്ങാതായതോടെ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധിക്കുകയായിരുന്നു. 12.15ഓടെ വിദ്യാർഥികൾ ഒന്നടങ്കം പാലക്കാട്-കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. സമരം എം.എസ്.എഫ് ഏറ്റെടുത്തതോടെ ദേശീയപാത ഒരുമണിക്കൂറോളം കുരുക്കിലമർന്നു.
രാവിലെ എട്ടിനാണ് നീന്തൽ പരീക്ഷ തുടങ്ങിയത്. ചെറിയ കുളത്തിൽ ഒരുസമയം കുറച്ച് കുട്ടികൾക്ക് മാത്രമാണ് ഇറങ്ങാനായത്. നീന്തൽ പഠിക്കാത്തവരും എത്തിയിരുന്നു. പെൺകുട്ടികളടക്കം വെള്ളത്തിലിറങ്ങി നീന്താനാകാതെ കരക്ക് കയറുന്ന അവസ്ഥയുമുണ്ടായി. എട്ടുമണിക്ക് മുമ്പേ ടോക്കൺ നൽകിയതോടെ വൻ ക്യൂവാണ് രൂപപ്പെട്ടത്. ഭൂരിഭാഗം വിദ്യാർഥികളും ഭക്ഷണം പോലും കഴിക്കാതെയാണ് ഊഴത്തിനായി കാത്തുനിന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടായിരുന്നു അവസരം നൽകിയിരുന്നത്. ട്രോമാകെയർ വളന്റിയർമാർ സുരക്ഷക്കായി ഉണ്ടായിരുന്നു.
നൂറുകണക്കിന് വിദ്യാർഥികളെത്തുമെന്നറിഞ്ഞിട്ടും മതിയായ സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. മലപ്പുറം പൊലീസെത്തി എം.എസ്.എഫ് നേതാക്കളോട് സംസാരിച്ചെങ്കിലും നീന്തൽ പരീക്ഷ നടത്തണമെങ്കിൽ ആവശ്യമായ സൗകര്യമൊരുക്കണമെന്ന് ഇവർ അറിയിച്ചു. തുടർന്ന് ജില്ല സ്പോർട്സ് കൗൺസിൽ അധികാരികളുമായി പൊലീസിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി.
അരീക്കോട് ബ്ലോക്കിൽനിന്ന് തിങ്കളാഴ്ച എത്തിയവർക്ക് സൗകര്യമൊരുക്കുന്ന പക്ഷം അതത് പഞ്ചായത്തുകൾക്ക് കീഴിൽ പരീക്ഷ നടത്തുമെന്ന് സ്പോർട്സ് കൗൺസിൽ അധികാരികൾ അറിയിച്ചതോടെയാണ് സംഘർഷ അവസ്ഥ നീങ്ങിയത്. ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം സി. സുരേഷ് ഇക്കാര്യം സംബന്ധിച്ച് രേഖാമൂലം ഉറപ്പുനൽകി.
വിദ്യാർഥികൾക്ക് നീന്തൽ യോഗ്യത തെളിയിക്കാൻ ജില്ലയിൽ നാലിടത്താണ് സൗകര്യമൊരുക്കിയിട്ടുള്ളത്. മേൽമുറി അഞ്ചീനിക്കുളത്തിന് പുറമെ കാലിക്കറ്റ് സർവകലാശാല സ്പോർട്സ് കോംപ്ലക്സിലെ നീന്തൽക്കുളം, പെരിന്തൽമണ്ണ കക്കൂത്ത് സിൽവർ മൗണ്ട് ഇന്റർനാഷനൽ സ്കൂൾ, എടപ്പാൾ പൊൽപ്പാക്കര എന്നിവിടങ്ങളിലാണ് ജില്ലയിലെ 15 ബ്ലോക്കുകളിൽനിന്നുള്ള വിദ്യാർഥികൾ എത്തേണ്ടത്.
നൽകാനായത് 370 സർട്ടിഫിക്കറ്റുകൾ; ലഭിച്ചത് 500 അപേക്ഷകൾ
സംഘർഷത്തെ തുടർന്ന് സർട്ടിഫിക്കറ്റ് നൽകുന്നത് തടസ്സപ്പെട്ടതായി ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി മെഹറൂഫ് അറിയിച്ചു. 500 അപേക്ഷകൾ എത്തിയതിൽ 370 പേർക്കാണ് സർട്ടിഫിക്കറ്റ് നൽകാനായത്. തെറ്റിദ്ധാരണയുടെ പുറത്താണ് മലപ്പുറത്ത് സംഘർഷമുണ്ടായതെന്ന് മെഹറൂഫ് പറഞ്ഞു.
അരീക്കോട് ബ്ലോക്കിൽനിന്നുള്ളവരോടാണ് എത്താൻ പറഞ്ഞിരുന്നതെങ്കിലും കൊണ്ടോട്ടി, കോട്ടക്കൽ തുടങ്ങിയിടങ്ങളിൽനിന്നെല്ലാം കുട്ടികളെത്തിയിരുന്നു. മലപ്പുറം ഒഴിച്ചുള്ള മറ്റിടങ്ങളിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും സ്പോർട്സ് കൗൺസിൽ സെക്രട്ടറി ചൂണ്ടിക്കാട്ടി. അരീക്കോട് ബ്ലോക്കിൽനിന്ന് തിങ്കളാഴ്ച എത്തിയിട്ടും പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് മാത്രമാണ് അതത് പഞ്ചായത്തുകളിൽ സൗകര്യമൊരുക്കുകയെന്നും ബാക്കിയുള്ളവരുടെ ടെസ്റ്റ് മുൻനിശ്ചയിച്ചത് പ്രകാരം തന്നെ നടത്തുമെന്നും സെക്രട്ടറി അറിയിച്ചു.
നീന്തൽ പരിശോധന ശനിയാഴ്ച വരെ-സ്പോർട്സ്കൗൺസിൽ
മലപ്പുറം: പ്ലസ്വൺ പ്രവേശനത്തിന് വെയിറ്റേജിനുള്ള നീന്തൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് പരിശോധന സൗകര്യം ശനിയാഴ്ച വരെ നീട്ടിയിട്ടുണ്ടെന്ന് ജില്ല സ്പോർട്സ് കൗൺസിൽ അറിയിച്ചു.നീന്തലിന് ഒരു കേന്ദ്രം കൂടി അനുവദിച്ചിട്ടുണ്ട്. നീന്തലറിയാവുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റ് ലഭിക്കാൻ സാഹചര്യമുണ്ടാക്കും. നിലവിലെ സംവിധാനം അവസാനിച്ചാലും നീന്തലറിയാവുന്നവർ ശേഷിക്കുന്നുണ്ടെങ്കിൽ പിന്നീട് മറ്റു സംവിധാനങ്ങൾ പരിശോധിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
സ്പോർട്സ് കൗൺസിൽ ഓഫിസ് ഉപരോധിച്ച് എം.എസ്.എഫ്
മലപ്പുറം: നീന്തൽ പരീക്ഷക്കായി അതത് പഞ്ചായത്തുകളിൽ സൗകര്യമേർപ്പെടുത്തണമെന്ന് ആവശ്യപ്പട്ട് എം.എസ്.എഫ് മലപ്പുറം സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ സ്പോർട്സ് കൗൺസിൽ ഓഫിസ് ഉപരോധിച്ചു. മേൽമുറിയിലെ സംഘർഷം അവസാനിച്ചതോടെ നേതാക്കളടക്കം 15ഓളം പ്രവർത്തകർ എത്തിയാണ് രണ്ടരയോടെ സമരം ആരംഭിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് എല്ലാവരെയും അറസ്റ്റ് ചെയ്തു നീക്കി.
ഇതിനിടെ ഒരു പ്രവർത്തകന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. തങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും ഇദ്ദേഹത്തെ അടക്കം അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ് എന്ന് നേതാക്കൾ ആരോപിച്ചു. പിന്നീട് സ്റ്റേഷനിൽ ഈ പ്രവർത്തകൻ തളർന്നുവീണതിന് ശേഷമാണ് ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയാറായതെത്രേ. എന്നാൽ, ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്ന് മലപ്പുറം പൊലീസ് അറിയിച്ചു. ജില്ല പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ. വഹാബ്, മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ് അഖില്‍ ആനക്കയം, ജനറല്‍ സെക്രട്ടറി ജസീല്‍ പറമ്പന്‍, മലപ്പുറം മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് റംസാന് കാട്ടുങ്ങല്‍, സെക്രട്ടറി ഹബീബ് അധികാരിത്തൊടി തുടങ്ങിയവരാണ് അറസ്റ്റിലായത്.
എം.എൽ.എ ചൂണ്ടിക്കാട്ടിയിട്ടും ഗൗരവത്തിലെടുത്തില്ല
മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിന് വെയിറ്റേജ് ആയി ലഭിക്കുന്ന രണ്ട് മാർക്കിന് ബ്ലോക്ക് അടിസ്ഥാനത്തിൽ നീന്തൽ പരീക്ഷ നടത്തുന്നതിലെ അപ്രായോഗികത മന്ത്രി വി. അബ്ദുറഹ്മാനോട് കഴിഞ്ഞദിവസം നടന്ന വികസന സമിതി യോഗത്തിൽ തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ ചൂണ്ടികാട്ടിയിരുന്നു.
78,000ത്തിലേറെ വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടിയ ജില്ലയിൽ സ്പോർട്സ് കൗൺസിലിനുകീഴിൽ മൂന്നിടത്ത് മാത്രമാണ് നീന്തൽ പരിശോധനക്ക് സംവിധാനമുള്ളതെന്നും താലൂക്കുതല പരിശോധന കേന്ദ്രങ്ങൾ അനുവദിക്കണമെന്നുമായിരുന്നു എം.എൽ.എയുടെ ആവശ്യം. എന്നാൽ, സൗകര്യങ്ങൾ ആവശ്യത്തിനുണ്ടെന്ന മട്ടിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇതുവരെ നീന്തൽ അറിയാത്തവർക്കടക്കം സർട്ടിഫിക്കറ്റ് നൽകിയിരുന്നതായും ഈ പ്രവണത ഇനി അനുവദിക്കാനാവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടിയത് നേരിയ തർക്കത്തിനും ഇടവെച്ചു. കൂടുതൽ കുട്ടികളുള്ള ജില്ലയിൽ എന്താണ് ചെയ്യുകയെന്ന് എം.എൽ.എ ചോദിച്ചപ്പോൾ നീന്തലറിയുന്നവർ മാത്രം സർട്ടിഫിക്കറ്റിന് അപേക്ഷിച്ചാൽ മതിയെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ, തിങ്കളാഴ്ച നീന്തലറിയാത്തവരും പ്രാവീണ്യം തെളിയിക്കാനായി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

