മലപ്പുറം താലൂക്ക് ആശുപത്രിയിൽ ഇനി വരിനിന്ന് മടുക്കേണ്ട
text_fieldsമലപ്പുറം താലൂക്ക് ആശുപത്രിയിലെ ഇലക്ട്രോണിക് ടോക്കൺ സംവിധാനം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: നൂറുകണക്കിന് രോഗികൾ ദിനേന ചികിത്സക്കെത്തുന്ന മലപ്പുറം താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ടോക്കണിനു വേണ്ടിയുള്ള കാത്തിരിപ്പിന് അറുതി. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിയിൽ കമ്പ്യൂട്ടറൈസ്ഡ് ടോക്കൺ സിസ്റ്റം സ്ഥാപിച്ചു.
ഡോക്ടർമാരുടെ സേവനം ലഭിക്കാനായി നേരം പുലരുന്നത് മുതൽ ആളുകൾ വരിനിൽക്കുന്നത് ആശുപത്രിയിലെ നിത്യകാഴ്ചയായിരുന്നു.ആശുപത്രിക്ക് മുൻവശത്തെ കൗണ്ടറിലെ ജീവനക്കാർ ഇലക്ട്രോണിക് മെഷീൻ വഴി ടോക്കണുകൾ നൽകും. തുടർന്ന് സ്ക്രീനിൽ നമ്പർ തെളിയുകയും ശബ്ദസംവിധാനം വഴി രോഗികളെ നമ്പർ അറിയിക്കുകയും ചെയ്യും. ഓരോരുത്തരുടെയും ഊഴമനുസരിച്ച് ടോക്കൺ നൽകി ഒ.പി ടിക്കറ്റെടുത്ത് ഡോക്ടർമാരെ കാണാം.
പദ്ധതി ഉദ്ഘാടനം നഗരസഭ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സിദ്ദീഖ് നൂറങ്ങൽ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി ചെയർമാൻമാരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ഹക്കീം, മറിയുമ്മ ഷെരീഫ് കോണോത്തൊടി, കൗൺസിലർമാരായ ശിഹാബ് മൊടയങ്ങാടൻ, മഹ്മൂദ് കോതയങ്ങൽ, ഒ. സഹദേവൻ, സി. സുരേഷ്, പി.എസ്.എ. സബീർ, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി.കെ. ബാവ, മമ്മു, വി.വി. ഫൈസൽ, സൂപ്രണ്ട് ഡോ. അജേഷ് രാജൻ, ബാബുരാജ്, നഴ്സിങ് സൂപ്രണ്ട് റാമിയ എന്നിവർ സംസാരിച്ചു.

