മന്തി വിൽക്കുന്നത് മൃഗക്കൊഴുപ്പുകൾ ചേർത്ത് പലയിടത്തും പഴകിയ ഭക്ഷണമെന്ന് പരാതി
text_fieldsതിരൂരങ്ങാടി: നഗരസഭ പരിധിയിലെ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, മീൻ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് നഗരസഭ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടത് ഒട്ടേറെ കൃത്രിമങ്ങൾ. ചിക്കൻ മന്തിയിൽ വ്യാപകമായി മറ്റ് മൃഗക്കൊഴുപ്പുകൾ ചേർത്ത് വിൽക്കുന്നതായി കണ്ടെത്തി. താലൂക്ക് ഓഫിസ് കാന്റീനിൽ നടത്തിയ പരിശോധനയിൽ ഗുരുതര ശുചിത്വ ലംഘനം കണ്ടെത്തി.
ചിക്കൻ സ്റ്റാളുകളിൽ നിന്ന് എത്തിക്കുന്ന കോഴിയിറച്ചി രക്തം കഴുകിക്കളയാതെ നേരിട്ട് മസാല പുരട്ടി വെക്കുന്നതായും വൃത്തിഹീന സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി. ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ താലൂക്ക് ഓഫിസ് കാന്റീൻ പ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ് നൽകി. നിരവധി സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങളും നിരോധിത ഉൽപന്നങ്ങളും പിടിച്ചെടുത്തു. മാർക്കറ്റ് റോഡിലെ ‘അറഫ ട്രേഡേഴ്സ്’ എന്ന സ്ഥാപനത്തിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
താലൂക്ക് ആശുപത്രി കാന്റീൻ, ബ്ലോക്ക് ഓഫിസ് കാന്റീൻ, തൈക്കാടൻ മെസ്സ്, ഗ്രീൻ ഒ ബസ് സ്റ്റാന്റ്, ഹോട്ടൽ ഷാജി, അറേബ്യൻ മജ് ലിസ്, ബസ് സ്റ്റാന്റ് ന്യൂ ലെവൽ ബേക്കറി എന്നിവിടങ്ങളിൽ നിന്ന് തലേദിവസം പാചകം ചെയ്തതും പഴകിയതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ക്രമക്കേട് കണ്ടെത്തിയ മുഴുവൻ സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി.
നഗരസഭ സെക്രട്ടറി എം.വി. റംസി ഇസ്മായിലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ക്ലീൻ സിറ്റി മാനേജർ പ്രകാശൻ ടി.കെ., സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മോഹൻദാസ്. എ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്മിത പി.പി., ശ്രീജി. എസ്, വിജേഷ് കുമാർ. കെ. എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

