പരാതി വ്യാപകം നഗരസഭയിൽ ഹരിതകർമസേന കമ്മിറ്റിയെ പിരിച്ചുവിടും
text_fieldsമലപ്പുറം: നഗരസഭയിലെ ഹരിത കർമസേനയുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്ന കമ്മിറ്റിയെ പിരിച്ചുവിടും. തിങ്കളാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് ചെയർപേഴ്സൻ അഡ്വ. വി. റിനിഷ ഇക്കാര്യം വ്യക്തമാക്കിയത്. കമ്മിറ്റിയെ സംബന്ധിച്ച് നഗരസഭ കൗൺസിലിൽ വ്യാപക പരാതി ഉയർന്നതാണ് കാരണം. നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതായും അവർ പറഞ്ഞു.
ഹരിത കർമ സേനാംഗങ്ങൾ മാലിന്യശേഖരണത്തിന് വീടുകളിലെത്തുന്ന വിവരം കൃത്യമായി അറിയിക്കുന്നില്ലെന്ന് ഭരണപക്ഷ കൗൺസിലർമാരടക്കം പരാതിപ്പെട്ടു. മുൻ കൗൺസിൽ യോഗങ്ങളിൽ ഇതുസംബന്ധിച്ച് പരാതി ഉയർന്നിരുന്നു. ഫോണിൽ വിളിച്ച് വിവരം അറിയിക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഇത് നടപ്പാക്കിയിട്ടില്ല. യൂസർ ഫീ 70നുപകരം 100 രൂപ വാങ്ങിയെന്ന പരാതിയും യോഗത്തിൽ ഉയർന്നു. ഹരിത കർമസേനയെ കമ്മിറ്റി കൃത്യമായി മോണിറ്റർ ചെയ്യുന്നില്ലെന്നാണ് മനസിലാകുന്നതെന്ന് കൗൺസിലർമാർ ആരോപിച്ചു.
നഗരസഭ പരിധിയിലെ പൊതു ഇടങ്ങളിൽ ശുചീകരണം കാര്യക്ഷമമാക്കുന്നതിന് 15 താൽക്കാലിക ശുചീകരണ തൊഴിലാളികളെ നിയമിക്കാനും യോഗം തീരുമാനിച്ചു. നിലവിൽ 27 ശുചീകരണ തൊഴിലാളികളാണുള്ളത്. ദിവസ വേതാനാടിസ്ഥാനത്തിൽ മൂന്നുമാസത്തേക്കാണ് നിയമനം. പത്രങ്ങളിലടക്കം പരസ്യപ്പെടുത്തി അപേക്ഷ ക്ഷണിച്ച് തെരഞ്ഞെടുത്തായിരിക്കും നിയമനമെന്നും ചെയർപേഴ്സൻ വ്യക്തമാക്കി.
മഴക്കാല ശുചീകരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഒരു കാടുവെട്ട് മെഷീൻ കൂടി വാങ്ങാനും കൗൺസിൽ തീരുമാനിച്ചു. നഗരസഭയിലെ പ്രവർത്തനരഹിതമായ മൂന്ന് ഇ-ടോയ്‍ലറ്റുകൾ നീക്കം ചെയ്തതായി ചെയർപേഴ്സൻ കൗൺസിലിൽ അറിയിച്ചു. ഉപയോഗശൂന്യമായ വൈഫൈ ടവർ ഉടൻ നീക്കുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

