എടയൂരിൽ പുറത്തുനിന്ന് മാലിന്യം എത്തിച്ച് കത്തിക്കുന്നതായി പരാതി
text_fieldsമാവണ്ടിയൂർ കുന്നിന് മുകളിൽ ചെങ്കൽ ഖനനം നടത്തിയ
പറമ്പിൽ മാലിന്യം കൂട്ടിയിട്ട നിലയിൽ
എടയൂർ : വിവിധ പ്രദേശങ്ങളിൽനിന്നും എടയൂർ ഗ്രാമപഞ്ചായത്തിൽ ചിലയിടങ്ങളിൽ മാലിന്യം എത്തിച്ച് കത്തിക്കുന്നത് വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം രാത്രി മാവണ്ടിയൂർ ഹൈസ്കൂൾ റോഡിലും റോഡിന് സമീപമുള്ള കുന്നിൻമുകളിലുള്ള പറമ്പിലും വൻതോതിൽ മാലിന്യം തളളിയിരുന്നു. റോഡരികിൽ ചാക്കുകളാക്കിയാണ് വിവിധയിടങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെ ഖരമാലിന്യം വലിച്ചെറിഞ്ഞത്.
കുന്നിൻമുകളിൽ ചെങ്കൽ ഖനനം നടത്തിയ പറമ്പിലാണ് മാലിന്യം കൂട്ടിയിട്ടത്. കൂട്ടിയിട്ട് കുറച്ച് ദിവസം കഴിയുമ്പോൾ കത്തിക്കുകയാണ് ചെയ്യുക. കുറച്ച് ദിവസം മുമ്പ് പൂക്കാട്ടിരി-മലപ്പുറം റോഡിന് സമീപം ചോലവളവിനടുത്ത് തെർമോകോൾ ഉൾപ്പെടെ മാലിന്യം കൂട്ടിയിട്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അർധരാത്രിയോടെ കത്തിക്കുകയും ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതിനനുസരിച്ച് അഗ്നിരക്ഷായൂനിറ്റ് എത്തിയിരുന്നു. കത്തിക്കുന്നത് രാത്രിയായതിനാൽ വിഷപ്പുക പടരുന്നത് പ്രത്യക്ഷത്തിൽ ശ്രദ്ധയിൽപ്പെടില്ല.
മാവണ്ടിയൂരിൽ മാലിന്യം തള്ളിയവർക്കെതിരെ നടപടിയാവശ്യപ്പെട്ട് എടയൂർ വായനശാല ഫയർവിങ് ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും പൊലീസിൽ പരാതി നൽകുമെന്ന് അറിയിക്കുകയും ചെയ്തു. ഫയർ വിങ്സ് ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങളായ ഷംസുദ്ദീൻ പുള്ളിശ്ശേരി, ബാവ പുതുക്കുടി, എസ്. പ്രജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാലിന്യം തള്ളുന്നതിനെതിരെ രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

