പെട്രോൾ പമ്പ് വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി
text_fieldsമലപ്പുറം: ലൈസൻസ് അടക്കം പെട്രോൾ പമ്പ് നിർമിച്ചുനൽകാമെന്ന് വാഗ്ദാനം നൽകി 68 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. വേങ്ങര ഊരകം സ്വദേശിക്കെതിരെ പെരുവള്ളൂർ കാടപ്പടിയിലെ വി.എൻ. ഗിരീഷ് കുമാറാണ് പൊലീസിൽ പരാതി നൽകിയത്. വിദേശത്ത് ബിസിനസ് ചെയ്യുന്ന ഗിരീഷ് കുമാറിന്റെ ഭാര്യയുടെ പേരിലുള്ള 29 സെന്റ് ഭൂമിയിലാണ് സ്വകാര്യ പെട്രോൾ പമ്പിന്റെ ഔട്ട്ലറ്റ് നിർമിച്ച് കമീഷൻ ചെയ്തു നൽകാമെന്നും ലൈസൻസ് ലഭിക്കുമെന്നും വാഗ്ദാനം നൽകി 68 ലക്ഷം രൂപ തട്ടിയെടുത്തത്. നിലവിൽ തിരുവനന്തപുരത്ത് താമസിക്കുന്ന ഗിരീഷ് കുമാറും കുടുംബവും അവിടെയാണ് കരാർ ഒപ്പിടുകയും കൈമാറുകയും ചെയ്തത്.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലാണ് പരാതി. അന്വേഷണത്തിൽ മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള പലരിൽനിന്നും ഇയാൾ ഇതേ രീതിയിൽ ലക്ഷങ്ങൾ തട്ടിയതായി ഗിരീഷ് കുമാർ, അക്കൗണ്ടന്റ് എം.ടി. ബഷീർ, മാനേജർ ശിഹാബ് എന്നിവർ ആരോപിച്ചു.