കാലിക്കറ്റ് മുൻ വി.സിക്കെതിരായ പരാതി; ഹിയറിങ്ങിൽ സിൻഡിക്കേറ്റ് അംഗങ്ങൾ പങ്കെടുത്തില്ല
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് സർവകലാശാല ഫണ്ടിൽനിന്ന് നാലര ലക്ഷം രൂപ ചെലവഴിച്ച് ഗവർണറുടെ ഉത്തരവിനെതിരെ കേസ് ഫയൽ ചെയ്തെന്ന പരാതിയിൽ നടന്ന ഹിയറിങ്ങിൽ സിൻഡിക്കേറ്റ് അംഗങ്ങൾ പങ്കെടുത്തില്ല. സിൻഡിക്കേറ്റിനുവേണ്ടി ഹാജരാകാൻ നിയോഗിച്ചിരുന്ന സർവകലാശാല അഭിഭാഷകനും എത്തിയില്ല.
വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ, പരാതിക്കാരായ സെനറ്റ് അംഗങ്ങൾ വി.കെ.എം. ഷാഫി, കെ. അബ്ദുൽ ഗഫൂർ എന്നിവർ തെളിവെടുപ്പിൽ പങ്കെടുത്തു. സർവകലാശാല രജിസ്ട്രാർ ഓൺലൈൻ മുഖേന ഹാജരായി. വ്യക്തിപരമായ കേസിനായി സർവകലാശാല ഫണ്ടിൽനിന്നുള്ള പണം ഉപയോഗിച്ചത് നിയമവിരുദ്ധമാണെന്നും ഇതിലൂടെ സർവകലാശാല നിയമങ്ങൾ ലംഘിച്ചെന്നും പരാതിക്കാർ വാദിച്ചു.
വിക്ടോറിയ കോളജിലെ ബി.എസ് സി സൈക്കോളജി വിദ്യാർഥിനി ജംഷിയ ഷെറിന്റെ പ്രോജക്ട് റീ അസസ്മെന്റ് നടത്തി പുതുക്കിയ മാർക്ക് ലിസ്റ്റ് നൽകാൻ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നൽകിയ ഉത്തരവിനെ ചോദ്യംചെയ്ത് പി. നന്ദകുമാർ എം.എൽ.എ നൽകിയ പരാതിയിലും ഗവർണറുടെ മുമ്പാകെ തെളിവെടുപ്പ് നടന്നു. എം.എൽ.എയായ പരാതിക്കാരൻ ഹാജരായില്ലെങ്കിലും ജംഷിയ ഷെറിൻ, നിതിൻ ഫാത്തിമ എന്നിവർ ഹിയറിങ്ങിൽ പങ്കെടുത്തു.
പരീക്ഷാബോർഡ് ചെയർമാൻ നടത്തിയ റീ അസസ്മെന്റിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ മാർക്ക് നൽകാൻ ഉത്തരവിട്ടതെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി. പ്രോജക്ട് ആദ്യം മൂല്യനിർണയം ചെയ്ത അധ്യാപികക്ക് ആവശ്യമായ യോഗ്യതയില്ലെന്ന പരാതിയും രാഷ്ട്രീയവൈരാഗ്യത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ ദ്രോഹിക്കുന്ന അധ്യാപക നടപടികളും ഉൾപ്പെടെ നിരവധി കാര്യങ്ങൾ ഗവർണറുടെ മുമ്പാകെ വിദ്യാർഥികൾ വിശദീകരിച്ചു. വാദം പൂർത്തിയാക്കി ഉത്തരവിനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

