ചന്ദ്രൻ ഓർമയായി; സ്മരണകളുണർത്തി കടത്തുതോണി
text_fieldsഞാവുളും കടവ് തടയണയിൽ ചന്ദ്രൻ തോണിയിൽ യാത്രക്കാരെ മറുകര എത്തിക്കുന്നു
പെരിങ്ങോട്ടുകുറുശ്ശി: അരനൂറ്റാണ്ടുകാലം യാത്രക്കാർക്ക് പുഴ മുറിച്ച് കടന്ന് അക്കരെ എത്താൻ ഏക ആശ്രയമായിരുന്ന തോണിക്കാരൻ ചന്ദ്രൻ ഓർമയായെങ്കിലും അരനൂറ്റാണ്ടിന്റെ സ്മരണകളുണർത്തി കടത്തുതോണി ബാക്കിയായി.
ഭാരതപ്പുഴ കരകവിഞ്ഞ് പെരിങ്ങോട്ടുകുറുശ്ശി ഞാവുളും കടവ് തടയണ വെള്ളത്തിൽ മുങ്ങിയാൽ അമ്പതുകൊല്ലമായി യാത്രക്കാരുടെ ഏക ആശ്രയമായിരുന്ന കടത്തുകാരൻ പെരിങ്ങോട്ടുകുറുശ്ശി വടക്കുംപുറം കളത്തിൽ തൊടി ചന്ദ്രൻ (81) ആണ് വെള്ളിയാഴ്ച വിട പറഞ്ഞത്. സ്കൂൾ പഠനകാലത്തു തന്നെ അച്ഛനോടൊപ്പം യാത്രക്കാരെ പത്തിരിപ്പാല ഭാഗത്തേക്കും തിരിച്ച് പെരിഞ്ഞോട്ടുകുറുശ്ശി ഭാഗത്തേക്കും ചന്ദ്രൻ പിന്നീട് തനിച്ചാണ് ഏറെക്കാലം കടത്തുതോണി തുഴഞ്ഞത്. എന്നും വെളുപ്പാൻ കാലത്ത് പുഴക്കടവിൽ എത്തി ഇരുട്ടു പരന്നശേഷമാണ് മടങ്ങാറുള്ളത്.
കാലവർഷം ശക്തി പ്രാപിച്ചാൽ ചന്ദ്രൻ തോണിയുമായി കടവിലെത്തും. വാർധക്യ സഹജമായ അസുഖത്തിലും മുടക്കം വരാതെ തൊഴിലാളികളെ ഉപയോഗപ്പെടുത്തി ചന്ദ്രൻ തോണി ഇറക്കിയിരുന്നു. കാലവർഷം കലി തുള്ളിയാൽ ഞാവുളും കടവിൽ ചന്ദ്രനും തോണിയും യാത്രക്കാരെ കാത്ത് കിടപ്പുണ്ടാവും. ചില ദിവസങ്ങളിൽ കൂലി പോലും ഒക്കാറില്ലെങ്കിലും തുഴ പിടിച്ച് തഴമ്പിച്ച ചന്ദ്രന്റെ കൈകളിൽ തോണിയും യാത്രക്കാരും ഭദ്രമായിരിക്കും. അമ്പതുകൊല്ലത്തെ തോണിക്കടത്തിനിടക്ക് ഒരിക്കൽ പോലും അപകടം സംഭവിച്ചിട്ടില്ല ചന്ദ്രന്റെ സ്മരണകൾക്ക് തിളക്കം കൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

