'കലക്ഷൻമാല' തീർത്ത് കെ.എസ്.ആർ.ടി.സി
text_fieldsമലപ്പുറം: ഓണത്തിനു ശേഷമുള്ള ആദ്യ പ്രവൃത്തിദിനത്തിൽ ജില്ലയിൽ റെക്കോഡ് കലക്ഷനുമായി കെ.എസ്.ആർ.ടി.സി. ജില്ലയിലെ നാല് ഡിപ്പോയിൽനിന്നും മികച്ച കലക്ഷനാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്. നാല് ഡിപ്പോകളിലായി 26 ലക്ഷത്തോളം രൂപയാണ് ലക്ഷ്യം നിശ്ചയിച്ചത്. നാലിടത്തും നിശ്ചയിച്ചതിലും കൂടുതൽ തുക നേടാനായി.
മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ ഡിപ്പോകളിൽ നിന്നായി 34 ലക്ഷത്തോളം രൂപയാണ് തിങ്കളാഴ്ചയിലെ കെ.എസ്.ആർ.ടി.സിയുടെ കലക്ഷൻ. തിരക്ക് മുൻകൂട്ടിക്കണ്ട് എല്ലായിടത്തും അധിക സർവിസുകളും ഏർപ്പെടുത്തിയിരുന്നു. എല്ലാ റൂട്ടുകളിലും നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഓണത്തിനു ശേഷം ജോലിസ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മടങ്ങുന്നതിനായി കൂടുതൽ പേരും കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചതോടെയാണ് കലക്ഷനിലും വൻ വർധനയുണ്ടായിരിക്കുന്നത്.
മലപ്പുറത്ത് മാത്രം 11.66 ലക്ഷം
ജില്ല ആസ്ഥാനമായ മലപ്പുറം ഡിപ്പോയിൽ സാധാരണ ആറര മുതൽ ഏഴര വരെ ലക്ഷമാണ് കലക്ഷൻ ലഭിക്കുന്നത്. ഞായറാഴ്ച ഉച്ചക്ക് 12 മുതൽ തിങ്കളാഴ്ച 12 വരെ മലപ്പുറം ഡിപ്പോയിൽ നിന്ന് ലഭിച്ചത് 11,66,570 രൂപയാണ്. ലക്ഷ്യമിട്ടതിനെക്കാൾ ഉയർന്ന കലക്ഷൻ മലപ്പുറത്ത് നേടാനായി. 33 ബസുകളാണ് മലപ്പുറത്തുനിന്ന് തിരുവനന്തപുരം, പാലക്കാട് - കോഴിക്കോട്, തിരൂർ -മഞ്ചേരി റൂട്ടുകളിലായി സർവിസ് നടത്തിയത്. സാധാരണ 25 -26 ബസുകളാണ് പ്രതിദിനം സർവിസ് നടത്താറുള്ളത്. തിരുവനന്തപുരം ബസിനാണ് കൂടുതൽ കലക്ഷൻ.
പെരിന്തൽമണ്ണയിൽ മികച്ച കലക്ഷൻ
ഓണാവധിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി പെരിന്തൽമണ്ണ ഡിപ്പോക്ക് ഞായർ, തിങ്കൾ ദിവസങ്ങളിൽ മികച്ച വരുമാനം. ഞായറാഴ്ച 8.2 ലക്ഷവും തിങ്കളാഴ്ച 7.1 ലക്ഷവുമാണ് വരുമാനം. നിലവിൽ പെരിന്തൽമണ്ണ ഡിപ്പോയിൽ 4.5 ലക്ഷം മുതൽ കൂടിയാൽ 5.5 ലക്ഷം വരെയാണ് പ്രതിദിന വരുമാനം. ഓണം ഉത്സവ സീസണിൽ അധിക സർവിസ് നടത്താതെയാണ് ഈ വരുമാനമെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. അതേസമയം, പെരിന്തൽമണ്ണ ഡിപ്പോയിൽ 40 സർവിസ് വരെ നടത്തി വന്നത് 28 സർവിസായി ചുരുങ്ങിയിട്ടുണ്ട്. കോഴിക്കോട് -പാലക്കാട് റൂട്ടിലാണ് പെരിന്തൽമണ്ണയിൽ നിന്നുള്ള പ്രധാന സർവിസ്.
ലക്ഷ്യം മറികടന്ന് നിലമ്പൂരും
ഓണം നാളിൽ അധിക സർവിസുകൾ നടത്തി ലക്ഷ്യം മറികടന്ന് നിലമ്പൂർ ഡിപ്പോയും. ഇവിടെ ശരാശരി ലഭിക്കാറുള്ള വരുമാനം 4.5 ലക്ഷമാണ്. ലക്ഷ്യമിട്ടത് 6.50 ലക്ഷവും. എന്നാൽ, തിങ്കളാഴ്ച വലിയ വർധനയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി 7,75,918 രൂപയാണ് കലക്ഷൻ ലഭിച്ചത്. 25 സർവിസാണ് പ്രതിദിനം നടത്താറുള്ളത്. തിങ്കളാഴ്ച തിരക്ക് കണക്കിലെടുത്ത് 26 സർവിസുകളാണ് നടത്തിയത്. ഇത് വൻ വിജയമാണെന്ന് നിലമ്പൂർ ഡിപ്പോ കൺട്രോളിങ് ഇൻസ്പെക്ടർ പറഞ്ഞു. നിലമ്പൂർ -കോഴിക്കോട്, പെരിന്തൽമണ്ണ റൂട്ടിലാണ് ഡിപ്പോയിൽ നിന്ന് കൂടുതൽ സർവിസുകളുള്ളത്.
പൊന്നാനിയിലും 'കോളൊത്തു'
സർവിസ് നടത്തിയ റൂട്ടുകളിലെല്ലാം തിരക്കേറിയതോടെ പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ റെക്കോഡ് കലക്ഷൻ. തിങ്കളാഴ്ച മാത്രം 7,72,307 രൂപയുടെ കലക്ഷനാണ് ലഭിച്ചത്. സാധാരണ അഞ്ചര ലക്ഷം രൂപയാണ് ശരാശരി പ്രതിദിന വരുമാനം ലഭിക്കാറ്. 31 ബസുകളാണ് തിങ്കളാഴ്ച സർവിസ് നടത്തിയത്. ഓരോ ബസിനും ശരാശരി 24,913 രൂപയുടെ കലക്ഷൻ നേടാനായി. കോഴിക്കോട്, തിരുവനന്തപുരം, തിരൂർ റൂട്ടിലാണ് പൊന്നാനിയിൽ നിന്ന് കൂടുതൽ സർവിസുകൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

