മലപ്പുറം ജില്ല ആശുപത്രിയിൽ ശനിയാഴ്ചയും മൂർഖൻ കുഞ്ഞിനെ കണ്ടെത്തി
text_fieldsപെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഷീറ്റ് മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗവും ഒ.പി കൗണ്ടറും. ഇതാണ് പുതിയ കെട്ടിടത്തിനായി പൊളിക്കേണ്ടത്
പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ ജീവനക്കാർ നടത്തിയ തിരച്ചിലിൽ ശനിയാഴ്ചയും ഒരു മൂർഖൻ കുഞ്ഞിനെ കണ്ടെത്തി. അടച്ചിട്ട എമർജൻസി ഓപറേഷൻ തിയറ്ററിനകത്തെ സ്റ്റോർ റൂമിൽനിന്നാണ് ശനിയാഴ്ച വൈകീട്ട് ആറരയോടെ പാമ്പിനെ കണ്ടെത്തിയത്. ഇതോടെ പിടികൂടിയ പാമ്പുകളുടെ എണ്ണം 18 ആയി.
ഈ മാസം 17നാണ് ആദ്യമായി സർജിക്കൽ വാർഡിൽനിന്ന് മൂർഖൻ പാമ്പുകളെ കണ്ടെത്തിയത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് ഇത്രയും പാമ്പുകളെ പിടികൂടിയത്. നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് ആർ.ആർ.ടി ഉദ്യോഗസ്ഥർ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ സന്ദർശിച്ചു. പിടികൂടിയ പാമ്പുകളെ ട്രോമകെയർ ഓഫിസിലാണ് സൂക്ഷിച്ചിരുന്നത്. ജില്ല ട്രോമകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂനിറ്റ് സെക്രട്ടറി ഷുഹൈബ് മാട്ടായ ആർ.ആർ.ടി ഉദ്യോഗസ്ഥർക്ക് പിടികൂടിയ പാമ്പുകളെ കൈമാറി.
11.89 കോടിയുടെ കെട്ടിടമെവിടെ? ഫണ്ടനുവദിച്ചത് 2020 ഒക്ടോബറിൽ, മൂന്നുവർഷം പോയത് പ്ലാൻ തയാറാക്കാൻ
പെരിന്തൽമണ്ണ: 11.89 കോടി ചെലവിൽ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പൂർത്തിയാക്കേണ്ട പുതിയ ബ്ലോക്ക് മൂന്നു വർഷമായിട്ടും പ്ലാൻപോലുമാവാതെ ചുവപ്പുനാടയിൽ. 2020 ഒക്ടോബർ എട്ടിനാണ് കിഫ്ബി തുക അനുവദിച്ചത്. സാധാരണ ഗതിയിൽ ഒരുവർഷംകൊണ്ട് നടപടി പൂർത്തിയാക്കി നിർമാണമാരംഭിക്കേണ്ടതാണ്.
എന്നാൽ, പ്രവർത്തി ഏറ്റെടുത്ത സർക്കാർ ഏജൻസി പ്ലാൻപോലും തയാറാക്കാതെ നീട്ടിക്കൊണ്ടുപോയി. നിലവിലെ ആശുപത്രിയിൽ ഒ.പി കൗണ്ടർ, അത്യാഹിത വിഭാഗം എന്നിവ പൊളിച്ച് ഒ.പി, അത്യാഹിതവിഭാഗം, ഡയഗ്നോസ്റ്റിക്, ഐ.സി.യു, മൈനർ ഓപറേഷൻ തിയറ്റർ എന്നിവയാണ് പൂർത്തിയാക്കേണ്ടത്. നാലര വർഷമായി അടച്ചിട്ട എമർജൻസി ഓപറേഷൻ തിയറ്റർ വിഷപ്പാമ്പുകളുടെ ആവാസ കേന്ദ്രമായിട്ടും മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് വിചാരമില്ല.