വഴിക്കടവിൽ ഉണ്ടായത് മേഘവിസ്ഫോടനം; ലക്ഷങ്ങളുടെ നഷ്ടം
text_fieldsനിലമ്പൂർ: ശനിയാഴ്ച വൈകുന്നേരം വഴിക്കടവിന്റെ വിവിധ മേഖലകളിൽ ഉണ്ടായത് ചെറിയ മേഘവിസ്ഫോടനമെന്ന് വിദഗ്ധർ. 75 ഓളം വീടുകളിലാണ് മലവെള്ളപ്പാച്ചിലിൽ നശിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അതിശക്തമായ മഴ അനുഭവപ്പെട്ടത്. രണ്ടര മണിക്കൂറിനുള്ളിൽ 116.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. പാലേമാടിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലാണ് മഴയുടെ അളവ് രേഖപ്പെടുത്തിയത്.
പാലേമാട് പെയ്തതിനെക്കാൾ ഇരട്ടിയിലധികം മഴ വഴിക്കടവിലെ കെട്ടുങ്ങൽ, പൂവ്വത്തിപ്പൊയിൽ ഭാഗത്ത് ഉണ്ടായിട്ടുണ്ട്. അന്തരീക്ഷം ഇരുട്ട്മൂടി ഇടിയോടെയാണ് ശക്തമായ മഴ ഉണ്ടായത്. ആറരയോടെയാണ് മഴ കുറഞ്ഞത്. പൂവ്വത്തിപ്പൊയിൽ, രണ്ടാംപാടം, കെട്ടുങ്ങൽ, ആനമറി ഭാഗത്താണ് കൂടുതൽ നാശം ഉണ്ടായത്. ശക്തമായ മഴവെള്ള പാച്ചിലിൽ പൂവ്വത്തിപ്പൊയിൽ-ആനമറി റോഡിൽ ആനമറി ഭാഗത്ത് റോഡ് തകർന്നു. റോഡുകളുടെയും ഒട്ടേറെ വീടുകളുടെയും സംരക്ഷണ ഭിത്തികൾ തകർന്നു. വീടുകളിലെ വെള്ളക്കെട്ട് സന്നദ്ധസംഘടനകളുടെയും മറ്റും സഹായത്തോടെ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഒഴിവാക്കിയത്. വീടുകളുടെ അകത്തളങ്ങളിൽ ചളി കെട്ടിക്കിടക്കുകയായിരുന്നു.
ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷിൻ ഉൾപ്പടെ വൈദ്യുതി ഉപകരണങ്ങളും അരി ഉൾപ്പടെ അത്യാവശ്യ ഭക്ഷ്യവിഭവങ്ങളും നശിച്ചു. ഏക്കർ കണക്കിന് കൃഷിയിടങ്ങളിൽ ഇപ്പോഴും വെള്ളം കെട്ടിനിൽക്കുകയാണ്. കപ്പ, വാഴ തുടങ്ങിയ ഹ്രസ്വകാലവിളകൾ നശിച്ചു. തഹസിൽദാർ ഉൾപ്പടെ റവന്യൂ വിഭാഗവും പഞ്ചായത്ത് അധികൃതരും ദുരിതമേഖലകളിൽ സന്ദർശനം നടത്തി നഷ്ടം കണക്കാക്കി വരുകയാണ്. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ ഉൾപ്പടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി. പ്രദേശങ്ങളിലെ മിക്ക കിണറുകളും ഉപയോഗശൂന്യമായി.
കിണറുകൾ നന്നാക്കുന്നുണ്ട്. പ്രദേശത്ത് കുടിവെള്ള ക്ഷാമം നിലനിൽക്കുന്നുണ്ട്. നാടുകാണി ചുരത്തിൽനിന്ന് ഉദ്ഭവിക്കുന്ന അത്തിതോട് കരകവിഞ്ഞൊഴുകിയാണ് പൂവ്വത്തിപ്പൊയിൽ രണ്ടാംപാടം ഭാഗത്ത് കൂടുതൽ നാശം ഉണ്ടായത്. തോടിനോട് ചേർന്നും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും പറമ്പുകളിലും മലവെള്ളം പൊടുന്നനെ കുത്തിയൊലിച്ച് എത്തുകയായിരുന്നു. വീട്ടുപകരണങ്ങൾ മിക്കതും മലവെള്ളപാച്ചിലിൽ നഷ്ടപ്പെട്ടു. ഡീസന്റ് കുന്ന്ഭാഗത്തെ ഈങ്ങാകോടിൽ സഫീറിനെയും കുടുംബത്തെയും നാട്ടുകാരാണ് വീട്ടിൽ നിന്നും കയർകെട്ടി രക്ഷപ്പെടുത്തിയത്. ഇവരുടെ വീടിന്റെ പകുതിയോളം വെള്ളത്തിനടിയിലായി. വീടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളും വെള്ളം കയറി നശിച്ചു.
പൂവ്വത്തിപ്പൊയിലിലെ ഇല്ലിക്കൽ ഫിറോസിന്റെ ഫാമിലെ 1100 കോഴികളും പുളിയക്കോടൻ കരീമിന്റെ ഫാമിലെ 2100 ഓളം കോഴികളും ചത്തു. ഫാമിലുണ്ടായിരുന്ന ചാക്കിലുണ്ടായിരുന്ന കോഴി തീറ്റകളും നശിച്ചു. പൂവ്വത്തിപ്പൊയിലിൽ കീടത്ത് അബ്ദുൽ ലത്തീഫിന്റെ ചിപ്സ് യൂനിറ്റിൽ ലക്ഷങ്ങളുടെ നാശമാണ് ഉണ്ടായത്. ദുരന്തപ്രദേശങ്ങളിൽ കുടിവെള്ളവും മറ്റു അവശ്യസാധനങ്ങളും അടിയന്തരമായി എത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

