ചോലനായ്ക്കർ വിഭാഗം കുട്ടികൾ സംരക്ഷണ സ്ഥാപനത്തിൽ തുടരും
text_fieldsമലപ്പുറം: ബാലസംരക്ഷണ സ്ഥാപനത്തിൽ താൽക്കാലികമായി പുനരധിവസിപ്പിച്ച ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ തുടർ സംരക്ഷണവുമായി ബന്ധപ്പെട്ട് മലപ്പുറം കലക്ടറേറ്റിൽ ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) സ്പെഷൽ സിറ്റിങ് നടത്തി.
കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിനും അവരുടെ സാമൂഹ്യവത്കരണം പരിഗണിച്ചും നിലവിലെ ബാലസംരക്ഷണ സ്ഥാപനത്തിൽ തന്നെ താൽക്കാലികമായി സംരക്ഷണം തുടരാൻ സിറ്റിങ്ങിൽ തീരുമാനിച്ചു. നിലവിൽ ബാലസംരക്ഷണ സ്ഥാപനത്തിൽ കഴിഞ്ഞുവരുന്ന കുട്ടികളിൽ വലിയതോതിലുള്ള സാമൂഹ്യവത്കരണം സാധ്യമായതായും കുട്ടികളുടെ ആരോഗ്യവും തുടർ വിദ്യാഭ്യാസവും നിലവിലെ സാഹചര്യത്തിൽ കുടുംബത്തിൽ എത്തിച്ച് ഉറപ്പുവരുത്താൻ സാധിക്കാത്ത സാഹചര്യമുള്ളതുകൊണ്ടുമാണ് ഈ തീരുമാനമെടുത്തതെന്ന് അധികൃതർഅറിയിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. എ. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു സിറ്റിങ്. സി.ഡബ്ല്യു.സി. മെമ്പർമാരായ അഡ്വ. പി. ജാബിർ, അഡ്വ. രാജേഷ് പുതുക്കാട്, സി. ഹേമലത, ശ്രീജ പുളിക്കൽ എന്നിവർ പങ്കെടുത്തു. കൂടാതെ ജില്ല ശിശു സംരക്ഷണ ഓഫിസർ ഷാജിത ആറ്റാശ്ശേരി, വിമൻ പ്രൊട്ടക്ഷൻ ഓഫിസർ ടി.എം. ശ്രുതി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ടി. മധു, പൂക്കോട്ടുംപാടം പൊലീസ് സബ് ഇൻസ്പെക്ടർ ദിനേശ് പി. കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

