കുട്ടിക്കളിയല്ല, കുട്ടികളുടെ വിനോദയാത്ര, വിദ്യാഭ്യാസ വകുപ്പ് മാർഗരേഖ കാറ്റിൽപറത്തി സ്കൂളുകൾ
text_fieldsമലപ്പുറം: സ്കൂൾ വിനോദ യാത്രകൾ എല്ലാം പഴയപടിയായി. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ മുൻകരുതൽ നിർദേശങ്ങളൊന്നും സ്കൂൾ അധികൃതർ ഗൗനിക്കുന്നില്ല. തോന്നുംപോലെയായിട്ടുണ്ട് വീണ്ടും കാര്യങ്ങൾ. രാത്രി പത്തിനും പുലർച്ചെ അഞ്ചിനും ഇടയിൽ വിനോദ യാത്ര ഉണ്ടാകരുതെന്ന നിർദേശം അവഗണിച്ചാണ് പല സ്കൂളുകളും ടൂർ സംഘടിപ്പിക്കുന്നത്. അംഗൻവാടി കുട്ടികൾ സഞ്ചരിച്ച മിനിബസ് കരുവാരകുണ്ട് വട്ടമലയിൽ അപകടത്തിൽപ്പെട്ടത് ഞായറാഴ്ച അർധരാത്രിയോടെയാണ്. ടൂർ പോകുന്ന വിവരം പലരും പൊലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതരെ അറിയിക്കുന്നില്ല.
പുലരുംമുമ്പ് പുറപ്പെടുന്ന വിനോദയാത്ര സംഘങ്ങൾ ഉല്ലാസ കേന്ദ്രങ്ങളിൽനിന്ന് തിരിച്ചെത്തുന്നത് അർധരാത്രിയിലാണ്. ഇതുമൂലം കൊച്ചുകുട്ടികൾക്ക് ഉണ്ടാകുന്ന ദുരിതം വളരെ വലുതാണ്. വൻതുകയാണ് കുട്ടികളിൽനിന്നും ഈടാക്കുന്നത്. ചില അൺ എയ്ഡഡ് വിദ്യാലയങ്ങൾ ഇത് വരുമാനമാർഗമാക്കുന്നുമുണ്ട്. മിക്കയിടങ്ങളിലും വിദ്യാർഥികളുടെ ചെലവിലാണ് അകമ്പടി പോകുന്ന അധ്യാപകരുടെയും മറ്റും ജീവനക്കാരുടെയും യാത്ര. പഠനയാത്രകളില്‍ സര്‍ക്കാർ അംഗീകൃത ടൂര്‍ ഓപറേറ്റര്‍മാരെ മാത്രമേ നിയോഗിക്കാവൂ എന്ന് നിഷ്കർഷയുണ്ട്. എന്നാൽ, ഇതൊന്നും സ്കൂൾ അധികൃതർ നോക്കുന്നില്ല. അംഗീകൃത ടൂർ ഓപറേറ്റർമാർ കുറവാണെന്നും പാക്കേജ് താങ്ങാനാവില്ലെന്നുമാണ് പ്രധാനാധ്യാപകർ ഇതിനു പറയുന്ന പ്രധാന ന്യായം.
ആഡംബര ലൈറ്റുകള്‍ ഘടിപ്പിച്ച് യാത്ര
ഗതാഗത വകുപ്പ് നിർദേശിക്കുന്ന മാനദണ്ഡം പാലിക്കുന്ന വാഹനങ്ങള്‍ മാത്രമേ യാത്രക്ക് ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് വിദ്യാഭ്യാസ വകുപ്പ് മാർഗരേഖ പറയുന്നു. ട്രാഫിക് നിയമങ്ങള്‍ പാലിച്ചായിരിക്കണം യാത്ര നടത്തേണ്ടത്. അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകള്‍ ഘടിപ്പിച്ചതും അരോചകവും ഉച്ചത്തിലുള്ളതുമായ ശബ്ദം പുറപ്പെടുവിക്കുന്ന സംവിധാനങ്ങള്‍ ഉളളതുമായ കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ബസ്, ബോട്ട്, മറ്റ് വാഹനങ്ങള്‍ എന്നിവയില്‍ നിയമപ്രകാരം അനുവദനീയമായ എണ്ണം ആളുകള്‍ മാത്രമേ മാത്രമേ കയറാൻ പാടുള്ളൂ.
പഠനയാത്ര പുറപ്പെടുന്നതിനു മുമ്പ് സ്കൂള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ യാത്ര, വാഹനം എന്നിവ സംബന്ധിച്ച് സമഗ്ര റിപ്പോര്‍ട്ട് നല്‍കണം. മോട്ടോർ വാഹന വകുപ്പിനെയും വിവരം അറിയിക്കണം. യാത്ര പുറപ്പെടുന്നതിന് മുമ്പ് വാഹനങ്ങളുടെ ഫിറ്റ്നസ്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് എന്നീ രേഖകള്‍ അധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തണം. രാത്രി പത്തിനുശേഷവും രാവിലെ അഞ്ചിനു മുമ്പുമുള്ള യാത്രകള്‍ പൂർണമായും ഒഴിവാക്കണമെന്നും മാർഗരേഖയിലുണ്ട്.
യാത്രയിൽ ‘പഠന’മില്ല, വിനോദം മാത്രം
സ്കൂൾ പഠന യാത്രയിൽ വിനോദത്തിനല്ല, പഠനത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. പഠന യാത്ര സ്കൂള്‍ മേലധികാരിയുടെ പൂർണ നിയന്ത്രണത്തില്‍ ഒരു അധ്യാപക കണ്‍വീനറുടെ ചുമതലയിലായിരിക്കണം സംഘടിപ്പിക്കേണ്ടതെന്ന് മാർഗരേഖ പറയുന്നു. വിദ്യാർഥി, പി.ടി.എ പ്രതിനിധികൾ ഉൾപ്പെട്ട ടൂര്‍ കമ്മിറ്റി രൂപത്കരിക്കണം. പഠനയാത്രക്കായി തെരഞ്ഞെടുക്കുന്ന സ്ഥലം, യാത്ര പരിപാടികള്‍, താമസം, ചെലവ് സംബന്ധിച്ച് വിശദമായ രൂപരേഖ ടൂര്‍ കമ്മിറ്റി തയാറാക്കണം.
ടൂര്‍ കഴിഞ്ഞ ഉടനെ കുട്ടികളുടെ അഭിപ്രായങ്ങളോടു കൂടിയ റിപ്പോര്‍ട്ട് ടൂര്‍ കണ്‍വീനര്‍ സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. പരമാവധി മൂന്ന് ദിവസങ്ങള്‍ മാത്രമേ യാത്രക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ. പഠനയാത്ര സംഘത്തിലെ അധ്യാപക വിദ്യാർഥി അനുപാതം 1:15 ആയിരിക്കണം. വിദ്യാർഥിനികള്‍ക്ക് ഒപ്പം അധ്യാപിക ഉണ്ടായിരിക്കണം. അധ്യാപകർ ലഹരി പദാർഥം ഉപയോഗിക്കരുത്. പഠനയാത്രയില് ഫസ്റ്റ് എയ്ഡ്, അത്യാവശ്യ മരുന്നുകള്‍ എന്നിവ കരുതിയിരിക്കണം. യാത്രാവസാനം വിദ്യാർഥികള്‍ രക്ഷകര്‍ത്താക്കളുടെ സമീപം സുരക്ഷിതരായി എത്തിയെന്ന് ഉറപ്പാക്കണമെന്നും മാർഗരേഖ പറയുന്നു.
പാവപ്പെട്ട കുട്ടികളെ ഗൗനിക്കുന്നുണ്ടോ?
പഠനയാത്രക്കായി വിദ്യാർഥികളില്‍നിന്നും അമിത തുക ഈടാക്കരുതെന്ന് മാർഗരേഖ പറയുന്നു. എല്ലാ കുട്ടികൾക്കും താങ്ങാവുന്ന തുക നിശ്ചയിക്കണം. പഠനയാത്രക്കായി അകലെയുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നത് മൂലം പാവപ്പെട്ട കുട്ടികള്‍ക്ക് ഇതില്‍ പങ്കാളികളാകാന്‍ സാധിക്കാറില്ല. ആയതിനാല്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള സ്ഥലങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണം തരാനാകാത്ത ഒരു കുട്ടിയെയും മാറ്റിനിർത്തരുതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശമുണ്ട്. എന്നാൽ, ഇതൊന്നും മിക്ക സ്കൂളുകളും ഗൗനിക്കുന്നില്ല. പഠനയാത്ര സംഘം സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ സവിശേഷതകള്‍, സുരക്ഷ സംവിധാനം എന്നിവയെക്കുറിച്ച് മുന്‍കൂട്ടി മനസ്സിലാക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.