കുട്ടികൾ ‘ഔട്ട് ഓഫ് ട്രാക്കിൽ’; ജില്ല സ്കൂൾ കായിക മേള 17 മുതൽ
text_fieldsപ്രതീകാത്മക ചിത്രം
മലപ്പുറം: മലപ്പുറം ജില്ല സ്കൂൾ കായികമേള പാലക്കാട് ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സിന്തറ്റിക് ട്രാക്കിൽ നടത്താൻ തീരുമാനിച്ചതിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രതിഷേധം. ഒക്ടോബർ 17 മുതൽ 19 വരെയാണ് ജില്ല കായികമേള നടക്കുന്നത്. ആദ്യമായാണ് മലപ്പുറം ജില്ലയിലെ സ്കൂൾ കായികമേള മറ്റൊരു ജില്ലയിൽ നടത്തുന്നതെന്ന് കായിക അധ്യാപകർ പറയുന്നു.
മലപ്പുറം ജില്ലയിലെ ഭൂരിഭാഗം സ്കൂളുകൾക്കും അവിടെ എത്തിച്ചേരാനും പരിശീലനം നടത്താനും ഏറെ പ്രയാസമാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഈ രീതി തുടർന്നാൽ ജില്ലയിൽ നല്ലൊരു സിന്തറ്റിക് ട്രാക്കില്ലാത്ത പ്രയാസം വരുംവർഷങ്ങളിലും കുട്ടികൾ അനുഭവിക്കേണ്ടി വരുമെന്ന ആശങ്കയുണ്ട്.
ജില്ലയുടെ കായിക കുതിപ്പിന് മികച്ച സംഭാവന നൽകുന്ന കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയം ഇത്തവണ ഫിറ്റല്ലെന്ന കാരണത്താലാണ് മത്സരങ്ങൾ പാലക്കാട്ടേക്ക് മാറ്റേണ്ടി വന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. കായിക മേളയുടെ സ്വാഗതസംഘം ബുധനാഴ്ച രാവിലെ മലപ്പുറം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബർ 14 മുതൽ 16 വരെ ഇതേ സ്കൂളിലാണ് പാലക്കാട് ജില്ലയിലെ കായികമേളയും നടക്കുന്നത്.
ഒട്ടും ഫിറ്റല്ല സ്റ്റേഡിയങ്ങൾ
മലപ്പുറത്തെ വിദ്യാർഥികൾക്ക് മത്സരിക്കാൻ മറ്റു ജില്ലകളുടെ സൗകര്യങ്ങൾ തേടി പോവേണ്ട പരിതാപകര അവസ്ഥയിലാണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നത്. കഴിഞ്ഞവർഷം നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ചാമ്പ്യന്മാരായ ജില്ലയാണ് മലപ്പുറം. ആ പരിഗണനയൊന്നും ഇവിടെ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികാരികൾക്കില്ല. കായിക മന്ത്രിയുടെ സ്വന്തം ജില്ലയായിട്ടും ഇവിടത്തെ അവസ്ഥയിതാണ്.
കാലിക്കറ്റ് യൂനിവേഴ്സിറ്റി ട്രാക്ക് കഴിഞ്ഞാൽ പിന്നീട് ആശ്രയിക്കാവുന്ന തിരൂര് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കും പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായി. ഇവിടെയും മത്സരങ്ങൾ നടത്താനുള്ള നവീകരണം വന്നിട്ടില്ല. ഇത്തവണ തിരൂർ ഉപജില്ല കായികമേളയും ഈ ട്രാക്കിൽ നടത്താനാവാത്തതിനാൽ പാലക്കാട്ടാണ് നടത്തിയത്. പിന്നെയുള്ള നിലമ്പൂർ മാനവേദൻ സ്കൂളിലെ സിന്തറ്റിക് ട്രാക്കിലും മത്സരങ്ങൾ നടത്താനാവത്ത സാഹചര്യമാണെന്നാണ് അധികൃതർ പറയുന്നത്. ജില്ലയിലെ മറ്റു മൈതാനങ്ങളും കായികമേളക്ക് അനുയോജ്യമല്ലാത്ത അവസ്ഥയിലാണ്.
വല്ലാത്തൊരു ‘കുട്ടിക്കളി’
മലപ്പുറം ജില്ലയിലെ ഉപജില്ല ഗെയിംസ് മത്സരങ്ങളും അത്ലറ്റിക്സും തട്ടികൂട്ടിയാണ് പലയിടത്തും നടത്തിയത്. സമാനരീതിയിൽ ജില്ല കായികമേളയും നടത്താനാണ് നീക്കമെന്ന് ആക്ഷേപമുണ്ട്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാത്ത സർക്കാർ നയത്തിൽ പ്രതിഷേധിച്ച് സ്കൂൾ കായികമേളകളുടെ നടത്തിപ്പിൽനിന്ന് വിട്ടുനിൽക്കുകയാണ് കായികാധ്യാപകർ. ഇതോടെ കിട്ടിയ ആളുകളെ തട്ടികൂട്ടി എങ്ങനെയെങ്കിലും മത്സരങ്ങൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്.
കൃത്യമായ ഷെഡ്യൂളും ആവശ്യമായ സജ്ജീകരണങ്ങളും ഇല്ലാതെയാണ് ഈ വർഷത്തെ സംസ്ഥാന-ഉപജില്ല കായിക മേളകൾ നടക്കുന്നത്. ജില്ലതല ഗെയിംസ് മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെ പല ഉപജില്ലകളിലും അത്ലറ്റിക് മത്സരങ്ങളും നടത്തിയതായി പരാതി ഉയർന്നിട്ടുണ്ട്. മത്സരങ്ങൾ സമയത്തിന് നടത്താനാവാത്ത സാഹചര്യത്തിൽ പല ഉപജില്ല മത്സരങ്ങളും ഒഴിവാക്കി സെലക്ഷൻ ട്രയൽസ് മാത്രം നടത്തി കുട്ടികളെ തെരഞ്ഞെടുക്കുന്ന സ്ഥിതിയാണ്. ജില്ലയിലെ കായികാധ്യാപകരുടെ നിസ്സഹകരണവും മേള പാലക്കാട്ടേക്ക് മാറ്റിയതിന് പിന്നിലുണ്ടെന്ന സംസാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

