കുട്ടിക്കളിയല്ല, ഈ കുട്ടി പാര്‍ലമെന്റ്...
text_fieldsമലപ്പുറം: അംഗൻവാടികൾക്ക് സ്വന്തമായി കെട്ടിടം ഇല്ലാത്ത അവസ്ഥ സർക്കാറിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ചോദിക്കുന്നത് മറ്റാരോടുമല്ല സാമൂഹിക നീതി, ശിശുക്ഷേമ വകുപ്പ് മന്ത്രി റിയ ഗഫൂറിനോടാണ്. ഇങ്ങനെയൊരു മന്ത്രി കേരളത്തിലുണ്ടോ എന്ന് ആശ്ചര്യപ്പെടേണ്ട. ജില്ല പഞ്ചായത്ത് ഹാളിൽ ജില്ല കുടുംബശ്രീ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാല പാർലമെന്റിലാണ് വിഷയം ഉന്നയിക്കപ്പെട്ടത്. യഥാർഥ പാർലമെന്റിനോട് കിടപിടിക്കുന്ന പ്രകടനമാണ് ബാല പാർലമെന്റിൽ അരങ്ങേറിയത്. ചാട്ടുളി പോലുള്ള ചോദ്യങ്ങളുമായി പ്രതിപക്ഷവും, വിവാദങ്ങള്‍ ഒഴിവാക്കി വിദഗ്ധ ഉത്തരങ്ങളുമായി ഭരണപക്ഷവും പാർലമെന്റിൽ മികച്ചുനിന്നു. കുടുംബശ്രീ ബാലസഭാംഗങ്ങള്ക്ക് ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസ്സിലാക്കി നല്‍കുന്നതിനാണ് ബാല പാര്‍ലമെന്റ് എന്ന പ്രവര്‍ത്തനം നടപ്പാക്കിവരുന്നത്.
ദേശീയ ഗാനത്തോടെയായിരുന്നു ആരംഭം. തുടർന്ന് പുതിയ മന്ത്രിമാർ പ്രതിജ്ഞയെടുത്ത് ചുമതലയേറ്റു. ഗവൺമെന്റിന്റെ ലക്ഷ്യങ്ങൾ, പുതിയ പദ്ധതികൾ, പുരോഗതികൾ എന്നിവ പാർലമെന്റിൽ ചർച്ച ചെയ്തു. അന്തരിച്ച എഴുത്തുകാരി പി. വത്സലക്ക് പ്രധാനമന്ത്രി നിദ ഷെറിൻ ആദരാഞ്ജലികൾ അർപ്പിച്ചു.
രാഷ്ട്രപതിയായി ഫാത്തിമ അഫ്നയും, സ്പീക്കറായി അൻഷിഫയും, സെക്രട്ടറി ജനറലായി നേഖയും പ്രധാനമന്ത്രിയായി നിദ ഷെറിനും ബാല പാർലമെന്റിനെ മികവുറ്റതാക്കി.
പങ്കെടുത്തത്
90 കുട്ടികൾ
ജില്ലയിലെ വിവിധ പഞ്ചായത്ത് ബാലസഭകളിൽനിന്ന് തെരഞ്ഞെടുത്ത 90 കുട്ടികളാണ് ബാലസഭക്കായി ജില്ല പഞ്ചായത്ത് ഹാളിൽ എത്തിച്ചേർന്നത്. കഴിഞ്ഞ ദിവസം ബാലസഭ കാമ്പയിനിന്റെ ഭാഗമായി മലയിൽ ഫാം ഹൗസിൽ വെച്ച് പരിശീലനവും നൽകിയിരുന്നു. കുടുംബശ്രീ ജില്ല മിഷൻ പ്രോഗ്രാം മാനേജർ പി.എം. ഹസ്കർ, ബ്ലോക്ക് കോഓഡിനേറ്റർമാരായ അനീഷ്, ചരിഷ്മ, ഖയ്യൂം, ബാലസഭ ആർ.പിമാരായ ടി.കെ. അബ്ദുൽ റഹീം, സുരേന്ദ്രൻ, സാജു മാമ്പ്ര, ജംഷീറ നൂഹ്, അൻഷിദ മോൾ, പ്രിയ ചന്ദ്രൻ എന്നിവർ ബാല പാർലമെന്റിന് പൂർണ പിന്തുണയും പരിശീലനവും നൽകി.
മന്ത്രിക്ക് ഇത്രേം
ചെറുപ്പമോ?
മങ്കട മണ്ഡലത്തിലെ ഈ പുതിയ മന്ത്രിയെ കണ്ടാൽ ആരും ഒന്നമ്പരക്കും. മന്ത്രിക്ക് ഇത്രേം ചെറുപ്പമോ എന്നാവും ചിന്ത.
ജില്ല പഞ്ചായത്ത് ഹാളിൽ ജില്ല കുടുംബശ്രീ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാല പാർലമെന്റിലാണ് റെനാ ഫാത്തിമ കുട്ടി മന്ത്രിയായി പ്രതിജ്ഞയെടുത്തത്.
പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ല കലക്ടർ വി.ആർ. വിനോദിനെ ബാല പാർലമെന്റ് സ്പീക്കർ, വിവിധ വകുപ്പ് മന്ത്രിമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. പാർലമെന്റിനെ സംബന്ധിച്ചും ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും ഒട്ടനവധി കാര്യങ്ങൾ അനുഭവിച്ച് മനസ്സിലാക്കാൻ ഇത്തരം പരിപാടികൾകൊണ്ട് സാധിക്കുമെന്ന് കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

