കൈപ്പിടിയിൽ ഒതുങ്ങാതെ കോഴിവില
text_fieldsമലപ്പുറം: വിപണിയിൽ കുറയാതെ കോഴിയിറച്ചി വില. ജില്ലയിൽ ചില്ലറ വിൽപ്പനശാലകളിൽ 240 മുതൽ 270 രൂപ വരെയാണ് ഇറച്ചിക്ക് വില. കോഴി വില 170 മുതൽ 200 രൂപ വരെയായി ഉയർന്നു. 2025 നവംബറിൽ 140 മുതൽ 180 വരെയായിരുന്ന വിലയാണ് ഡിസംബറോടെ പടി പടിയായി ഉയർന്നത്. ഡിസംബർ-ജനുവരിയിൽ ശബരിമല സീസണിൽ സാധാരണ കോഴി വില താഴേക്ക് വരുകയാണ് പതിവ്.
എന്നാൽ ഇത്തവണ കോഴിയുടെ ലഭ്യതയിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് വില ഉയർത്തിയത്. നവംബർ അവസാനത്തോടെ ജില്ലയിൽ ഇറച്ചി വില 200 ലേക്ക് കടന്നു. ഡിസംബർ പകുതിയോടെ 240 ലേക്കും അവസാനത്തോടെ 250ഉം കടന്നു. ജനുവരിയിൽ 260 മുതൽ 270 വരെയെത്തി. ചില പ്രാദേശിക ഇടങ്ങളിൽ 280 വരെ എത്തിയിട്ടുണ്ട്. അടുത്ത മാസം റമദാൻ വരുന്നതോടെ വില റെക്കോർഡ് ഭേദിക്കുന്ന സ്ഥിതിയിലെത്തുമെന്ന് വ്യാപാരികൾ അറിയിച്ചു.
ഉയരാൻ കാരണം ലഭ്യത കുറവ്
കോഴിക്കുഞ്ഞുകളുടെ കുറവും വിലയും കാരണം കേരളത്തിലെ ഫാമുകളിൽ ഉത്പാദനം നിർത്തിയതും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതുമാണ് വില ഉയരാൻ കാരണം. തമിഴ് നാട്ടിലെ കോഴി കർഷകർ കൂലി വർധന ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങിയത് തിരിച്ചടിയായെന്ന് കച്ചവടക്കാർ പറയുന്നു. കർഷകരുടെ ലഭ്യത കുറവ് കാരണം വൻ ഫാമുകൾക്ക് ഉത്പാദനം ഗണ്യമായി കുറക്കേണ്ടി വന്നത് കേരളത്തിലേക്കുള്ള കോഴി വരവിനെ കാര്യമായി ബാധിച്ചു. ഇതോടെ 20 മുതൽ 40 രൂപ വരെയുണ്ടായിരുന്ന കോഴിക്കുഞ്ഞുങ്ങളുടെ വില 55 മുതൽ 62 രൂപ വരെയെത്തി. കുഞ്ഞുങ്ങളെ വളർത്തി വിൽപനക്ക് പാകമാക്കാൻ നേരത്തെ 70 മുതൽ 90 വരെയുണ്ടായിരുന്ന ചെലവ് നിലവിൽ 120 മുതൽ 130 വരെ എത്തിയെന്ന് കോഴി കർഷകർ പറയുന്നു. ഇതോടെ സംസ്ഥാനത്തെ മിക്ക ഫാമുകളിലും ഉത്പാദനം പാതിയായി കുറഞ്ഞത് വില ഉയരാൻ കാരണമായി. സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം ഫാമുകളുണ്ട്. ജില്ലയിൽ മാത്രം 35,000 ഓളം ഫാമുകളുണ്ട്. എന്നാൽ വില വർധിപ്പിക്കാൻ വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് ആക്ഷേപവുമുണ്ട്.
പ്രശ്നത്തിൽ ഇടപെടണമെന്ന് കോഴി കർഷകർ
കോഴിയുടെയും തീറ്റ ഉൾപ്പെടെയുള്ള അനുബന്ധ സാധനങ്ങളുടെയും വില നിയന്ത്രിക്കാൻ അധികൃതർ നടപടിയെടുത്തില്ലെങ്കിൽ സമരവുമായി രംഗത്തിറക്കാനാണ് കോഴി കർഷകരുടെ നീക്കം. കർഷകരുടെ പ്രശ്നത്തിൽ ഇടപ്പെട്ടില്ലെങ്കിൽ ജനുവരി അവസാനത്തോടെ കേരളത്തിലെ ഫാമുകൾ അടച്ച് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഖാദറലി വറ്റലൂർ അറിയിച്ചു.
കോഴി വില: ഹോട്ടല്‍ മേഖല പ്രതിസന്ധിയിൽ-കെ.എച്ച്.ആർ.എ
മലപ്പുറം: കോഴി വില വർധനവ് ഹോട്ടല്‍ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്(കെ.എച്ച്.ആർ.എ) ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. പാചകവാതകം, അരി, വെളിച്ചെണ്ണ, പച്ചക്കറി, മത്സ്യം തുടങ്ങിയ സകല നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുയരുന്നത് മേഖലയുടെ നട്ടെല്ലൊടിക്കുകയാണെന്നും ഭാരവാഹികൾ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എം. മൊയ്തീൻകുട്ടി ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. അബ്ദുറഹിമാന്, ജില്ല പ്രസിഡന്റ് സി.എച്ച്. സമദ്, ജില്ല സെക്രട്ടറി കെ.ടി. രഘു, ജില്ല ട്രഷറർ ബഷീര്‍ റോളക്സ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

