ചെത്തുകടവ് ടൂറിസം പാർക്ക് യാഥാർഥ്യത്തിലേക്ക്
text_fieldsചെത്തുകടവ് ടൂറിസം പാർക്കിന്റെ രൂപരേഖ റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന് കൈമാറുന്നു
കാളികാവ്: കാളികാവ് പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ ചെത്തുകടവ് ടൂറിസം പാർക്ക് യാഥാർഥ്യത്തോടടുക്കുന്നു. പദ്ധതിയുടെ എസ്റ്റിമേറ്റും രൂപരേഖയും പഞ്ചായത്ത് ബോർഡ് അംഗീകരിച്ചതിനു പിറകെ റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പദ്ധതി പ്രദേശം സന്ദർശിച്ചു. പത്തു കോടിയോളം ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ ലക്ഷ്യവും സാധ്യതയും സംബന്ധിച്ച വിവരങ്ങളും മാസ്റ്റർപ്ലാനും പഞ്ചായത്ത് പ്രസിഡന്റ് രമാരാജനും ബോർഡ് അംഗങ്ങളും മന്ത്രിക്ക് സമർപ്പിച്ചു.
കാളികാവ് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തേ തയാറാക്കി പഞ്ചായത്തിനു സമർപ്പിച്ച പദ്ധതിയാണ് മാറ്റങ്ങളോടെ പഞ്ചായത്ത് നടപ്പാക്കുന്നത്. പുതിയ ഭരണസമിതി നിലവിൽ വന്നശേഷമാണ് പത്തു കോടിയോളം ചെലവുവരുന്ന സ്വപ്നപദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട നടപടികളാരംഭിച്ചത്. പഞ്ചായത്ത് ഫണ്ടിനു പുറമെ ജില്ല ടൂറിസം വികസന ഫണ്ട്, ജില്ല പഞ്ചായത്ത് ഫണ്ട്, എം.എൽ.എ ഫണ്ട് എന്നിവയിൽനിന്നാണ് പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നത്.
വർഷകാലത്ത് വെള്ളക്കെട്ടുണ്ടാകുന്ന ചെത്തുകടവ് മൈതാനം നവീകരിക്കുകയും മൈതാനത്തിന്റെ പുഴയോട് ചേർന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കുന്ന പദ്ധതിയാണ് ആദ്യം നടപ്പാക്കുക. പുഴയിലെ കല്ലും മണലും ചളിയും നീക്കി പുഴയുടെ ഒഴുക്കിനെ സുഗമമാക്കുന്നതിന്റെ ഭാഗമായി പുഴയിൽനിന്ന് നീക്കുന്ന മണ്ണും മണലും മൈതാനത്തിന്റെ നവീകരണത്തിന് ഉപയോഗിക്കാനുള്ള ആലോചനയിലാണ് ഭരണസമിതി.
ചിൽഡ്രൻസ് പാർക്ക്, പുഴയോര വിശ്രമകേന്ദ്രങ്ങൾ, മൈതാന നവീകരണം, വൈകുന്നേരങ്ങളിലെ ഉല്ലാസത്തിന് അവസരമൊരുക്കൽ തുടങ്ങി വിവിധ പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ചെത്തുകടവ് ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നതോടെ കാളികാവിന്റെ വാണിജ്യ വ്യവസായിക മേഖലയിൽ വൻ കതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

