ചെറാട്ടുകുഴി-എം.ബി.എച്ച് ലിങ്ക് റോഡ് നഗരസഭയുടേതെന്ന് ആസ്തി രജിസ്റ്റർ രേഖ
text_fieldsമലപ്പുറം നഗരസഭ ആസ്തി രജിസ്റ്ററിൽ ചെറാട്ടുകുഴി- എം.ബി.എച്ച് ലിങ്ക് റോഡ് പരാമർശിക്കുന്ന ഭാഗം
മലപ്പുറം: സ്വകാര്യ വ്യക്തികൾ കൈയേറിയ ചെറാട്ടുകുഴി -എം.ബി.എച്ച് ലിങ്ക് റോഡ് മലപ്പുറം നഗരസഭയുടെ സ്വന്തം ആസ്തിയെന്ന് രേഖ. റോഡ് കടന്നുപോകുന്ന പ്രദേശത്തെ നാട്ടുകാരുടെ കൂട്ടായ്മ സമന്വയം റെസിഡന്റ്സ് അസോസിയേഷൻ വിവരാവകാശ നിയമപ്രകാരം നഗരസഭയിൽ നിന്ന് ലഭ്യമാക്കിയ ആസ്തി രജിസ്റ്റർ പകർപ്പിലാണ് ഇക്കാര്യം വ്യക്തമായത്.
ചെറാട്ടുകുഴി -മുണ്ടുപറമ്പ് റോഡിൽ നിന്ന് ആരംഭിക്കുന്ന റോഡ് അവസാനിക്കുന്നത് എം.ബി.എച്ച് ലിങ്ക് റോഡിലാണെന്ന് ആസ്തി രജിസ്റ്റർ പറയുന്നു. മൂന്ന് മീറ്റർ വീതിയിൽ 0.204 കിലോമീറ്ററാണ് റോഡിന്റെ ദൈർഘ്യം. റോഡിൽ ടാർ, സിമന്റ് കോൺക്രീറ്റ് എന്നിവ ചെയ്തിട്ടുണ്ടെന്നും രജിസ്റ്ററിലുണ്ട്.
2006 -2007 കാലയളവിൽ രണ്ടു വിഭാഗങ്ങളിലായി റോഡ് ടാറിങ്ങിനും അനുബന്ധ പ്രവൃത്തികൾക്കുമായി 75,000 രൂപ നഗരസഭ പദ്ധതി വിഹിതമായി ചെലവഴിച്ചിട്ടുണ്ട്. ടാറിങ്ങിന് 50,000ഉം നടപ്പാത പുരോഗമന പ്രവൃത്തിക്ക് 25,000 രൂപയുമാണ് ചെലവഴിച്ചത്. ഒമ്പത്, 10 പഞ്ചവത്സര പദ്ധതി കാലയളവിലെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വരവ്- ചെലവ് കണക്ക് സംബന്ധിച്ച രേഖയിലാണ് ഇക്കാര്യമുള്ളത്. നഗരസഭയുടെ ആസ്തി രജിസ്റ്ററിലുള്ള റോഡ് സംരക്ഷിക്കാൻ നഗരസഭ അധികൃതർ രംഗത്തിറങ്ങണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
നഗരസഞ്ചയം പദ്ധതി: നഗരസഭയിൽ വിജിലൻസ് പരിശോധന
മലപ്പുറം: നഗരസഞ്ചയം പദ്ധതികളിൽ വ്യാപക ക്രമക്കേടെന്ന പരാതിയിൽ വിജിലൻസ് സംഘം നഗരസഭയിൽ പ്രാഥമിക പരിശോധന നടത്തി. വെള്ളിയാഴ്ചയാണ് സംഘം നഗരസഭയിലെത്തി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചത്. പദ്ധതി പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി, വിനിയോഗം തുടങ്ങിയ കാര്യങ്ങൾ സംഘം പരിശോധിച്ചിട്ടുണ്ട്. നിർമാണം ആരംഭിച്ച പഴയതോട്, പാണക്കാട് ചിറക്കൽ തോട്, കാടേരിമുക്ക് കൈതോട് എന്നിവയുടെ പ്രവൃത്തികളിൽ ക്രമക്കേടുണ്ടെന്നാണ് പരാതി. സംഭവത്തിൽ വിജിലൻസിന്റെ വിശദമായ അന്വേഷണം നടക്കും. 2011ലെ സെൻസസ് പ്രകാരം സ്വാഭാവിക ജനസംഖ്യയിൽ കൂടുതൽ ജനസംഖ്യ വളർച്ചയുണ്ടായ കേരളത്തിലെ ഏഴ് നഗര സഞ്ചയങ്ങൾക്കായി അഞ്ച് വർഷത്തേക്ക് 1086 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഓരോ നഗരസഞ്ചയങ്ങൾക്കും ജില്ല ആസ്ഥാനത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണ് നടത്തിപ്പ് ചുമതല. മലപ്പുറം നഗരസഭയും ചുറ്റുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമുള്ള പദ്ധതി നടത്തിപ്പ് ചുമതല മലപ്പുറം നഗരസഭക്കായിരുന്നു. നഗരസഞ്ചയം ചട്ടപ്രകാരം ഓരോ വർഷവും നിശ്ചിത തുക ചെലവഴിച്ചാൽ മാത്രമേ അടുത്ത വർഷത്തേക്കുള്ള തുക അനുവദിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

