കാലിക്കറ്റ് ഡിപ്പാർട്മെൻറ് യൂനിയൻ തെരഞ്ഞെടുപ്പ് വി.സി റദ്ദാക്കി
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നടന്ന ഡിപ്പാർട്മെന്റ് സ്റ്റുഡന്റ്സ് യൂനിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കാനും ഫലം പ്രഖ്യാപിച്ച ഡിപ്പാർട്മെന്റ് യൂനിയനുകളുടെ പ്രവർത്തനം തൽക്കാലത്തേക്ക് നിർത്തിവെക്കാനും വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉത്തരവിട്ടു. വിശദ അന്വേഷണത്തിനായി മുതിർന്ന അധ്യാപകരുടെ കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനിച്ചു.
ബാലറ്റ് പേപ്പറിൽ സീരിയൽ നമ്പറും റിട്ടേണിങ് ഓഫിസറുടെ ഒപ്പും പതിക്കാതെ നൽകിയത് കൃത്രിമം കാണിക്കാനാണെന്ന ഒരു വിഭാഗം വിദ്യാർഥികളുടെ പരാതിയിൽ വി.സി ബന്ധപ്പെട്ടവരിൽനിന്ന് വിശദീകരണം തേടിയിരുന്നു. സർവകലാശാല പ്രസ് അധികൃതർ സീരിയൽ നമ്പർ പതിച്ചിരുന്നെങ്കിലും, വോട്ടർമാർക്ക് നൽകുന്ന ബാലറ്റ് പേപ്പറിലെ സീരിയൽ നമ്പർ ഒഴിവാക്കാൻ റിട്ടേണിങ് ഓഫിസർ ആവശ്യപ്പെട്ടിരുന്നതായി പ്രസ് അധികൃതർ വി.സിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
സർവകലാശാല സാറ്റലൈറ്റ് കാമ്പസുകളായ ചെതലയം ഐ.ടി.എസ്.ആർ, തൃശൂർ ജോൺ മത്തായി സെൻറർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്നിവിടങ്ങളിൽ വിജയിച്ച യൂനിയൻ ഭാരവാഹികളുടെ പ്രവർത്തനം തൽക്കാലം നിർത്തിവെക്കാനും വി.സി നിർദേശം നൽകി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളുൾപ്പെടെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച മുതിർന്ന അധ്യാപകരടങ്ങുന്ന കമ്മിറ്റി പത്തു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
ഡോ. സന്തോഷ് നമ്പി ചെയർമാനായ കമ്മിറ്റിയിൽ ഡോ. എ.എം. വിനോദ് കുമാർ, ഡോ. എൻ. മുഹമ്മദ് അലി, ഡോ. പ്രീതി കുറ്റിപുലാക്കൽ, ഡോ. കെ.കെ. ഏലിയാസ് എന്നിവർ അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

