ചീക്കോട്ടെ അനധികൃത ചെങ്കൽ ഖനനം: 20 ലോറി പിടികൂടി
text_fields1. ചീക്കോട് തടപ്പറമ്പ് തടായിൽ നടക്കുന്ന അനധികൃത ചെങ്കൽ ഖനനം 2 ക്വാറിയിൽനിന്ന് വാഴക്കാട് പൊലീസ് പിടികൂടിയ
ലോറികൾ
എടവണ്ണപ്പാറ: അനധികൃത ചെങ്കൽ ഖനനം തുടർന്ന ചീക്കോട് തടപറമ്പ് തടായിൽ പൊലീസ് പരിശോധനയിൽ 20 ലോറിയും മൂന്ന് മണ്ണ് മാന്തി യന്ത്രവും പിടികൂടി. ഞായറാഴ്ച രാവിലെ തുടങ്ങിയ പരിശോധന ഏറെ വൈകിയാണ് അവസാനിച്ചത്. പിടികൂടിയ വാഹനങ്ങൾ ജിയോളജി വകുപ്പിന് കൈമാറുമെന്ന് വാഴക്കാട് എസ്.ഐ ഷാഹുൽ പറഞ്ഞു. അനധികൃത കരിങ്കൽ ഖനനത്തിനെതിരെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും ഖനനം തുടരുകയായിരുന്നു. വാഹനങ്ങൾ കടന്ന് പോവുന്ന എട്ട് റോഡുകൾ തടഞ്ഞായിരുന്നു പരിശോധന.
വേഷം മാറിയെത്തിയാണ് പൊലീസ് മല വളഞ്ഞതും വാഹനങ്ങൾ പിടികൂടിയതും. ഇവിടത്തെ ചെങ്കൽ ഖനനം തഹസ്സിൽദാറും സംഘവും നേരത്തെ പിടികൂടിയിരുന്നു. ചീക്കോട് ഗ്രാമ പഞ്ചായത്തിലെ തടപ്പറമ്പ് താടായിലാണ് അനധികൃത ഖനനം നടന്നിരുന്നത്. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ മലയിലെ ഖനനം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് മുമ്പ് പഠനം നടത്തിയ വിദഗ്ധ സംഘം ചൂണ്ടിക്കാട്ടിയിരുന്നു.
ഹെക്ടർ കണക്കിന് ഭൂമിയിലെ മല മുകളിലെ കൂറ്റൻ ഉരുളൻ കല്ലുകൾ ഏതുസമയവും താഴെക്ക് നിലം പൊത്തുന്ന രീതിയിലാണ് ഖനനം. 2018ലെ പ്രളയത്തിൽ പ്രദേശത്തെ നിരവധി കുടുംബങ്ങളെ കലക്ടറുടെ നിർദേശപ്രകാരം മാറ്റി പാർപ്പിച്ചിരുന്നു. സ്വന്തമായി ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് സർക്കാർ പതിച്ചുനൽകിയ സ്ഥലത്തിനരികെയാണ് ഇപ്പോഴത്തെ ഖനനം. ഖനനം നടന്ന ഭീമൻ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് പ്രദേശവാസികളിൽ ആശങ്കയുളവാക്കുന്നുണ്ട്. പരിശോധനയിൽ എ.എസ്.ഐ അജിത്ത് വെട്ടത്തൂർ, ഗഫൂർ, പ്രദീപ്, മനോജ്, കബീർ, സുഭാഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

