തപാൽ വോട്ടിലെ പുതിയ മാറ്റം ഉദ്യോഗസ്ഥർക്ക് വിനയായി
text_fieldsപെരിന്തൽമണ്ണ: തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് വേണ്ടിയുള്ള തപാൽ വോട്ടിൽ ഇലക്ഷൻ കമീഷൻ പുതുതായി കൊണ്ടുവന്ന മാറ്റം വലിയ വിനയായി. തപാൽവോട്ടിന് അപേക്ഷിച്ചെങ്കിലും ഇനിയും വോട്ടുചെയ്യാത്ത നിരവധി പേരുണ്ട്. ഇവരുടെ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം വരണമെന്നും ഇതുവരെ വന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. സ്വന്തം പാർലമെന്റ് മണ്ഡലത്തിൽ ജോലി കിട്ടിയ ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യുന്ന ബൂത്തിൽ ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വോട്ടു ചെയ്യാമെന്നിരിക്കെ ജില്ലയും മണ്ഡലവും മാറി നിയമനം ലഭിച്ചവർക്കാണ് നിലവിൽ തപാൽ വോട്ടുള്ളത്. നിയമനം ലഭിച്ചവർക്ക് അപേക്ഷിക്കുന്നതോടെ നേരത്തെ തപാൽ മാർഗം കൈയിൽ കിട്ടുന്ന വോട്ട് സാവകാശം രേഖപ്പെടുത്തി തിരിച്ചേൽപ്പിക്കാൻ വോട്ടെണ്ണൽ ദിവസം വരെ സമയമുണ്ടായിരുന്നു.
എന്നാൽ ഈ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തില്ല. ഡ്യൂട്ടി ലഭിച്ചവർക്ക് വോട്ടു ചെയ്യാൻ പല ദിവസങ്ങളിലായി പല സ്ഥലങ്ങളിൽ വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെന്ററുകൾ ഒരുക്കുകയായിരുന്നു. വളരെ ദൂരെയുള്ള ഭൂരിഭാഗം ഉദ്യോഗസ്ഥർക്ക് ഇവിടങ്ങളിലെത്തി വോട്ടു ചെയ്യാൻ സാധിച്ചില്ല. 26ന് പോളിങ് കഴിഞ്ഞാൽ ഈ അവസരം ലഭ്യമാകില്ലെന്നാണ് കലക്ടർമാർ അറിയിച്ചിരുന്നത്. എന്നിട്ടും ഇനിയുമേറെ വോട്ടുകൾ ചെയ്യാൻ ബാക്കിയുണ്ട്. ബാലറ്റുകൾ എ.ആർ.ഒമാരുടെ ഓഫിസുകളിൽ കെട്ടിക്കിടക്കുകയാണ്. ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ അഞ്ചു ദിവസം ജോലി ചെയ്ത ഉദ്യോഗസ്ഥർക്ക് പ്രതിഫലത്തുക ഒന്നും ലഭിച്ചിട്ടുമില്ലെന്നും പരാതിയുണ്ട്. ഇതു സംബന്ധിച്ച് വ്യക്തമായ ഉത്തരവില്ലാത്തതാണ് പ്രശ്നം.
മലപ്പുറത്ത് കൂടുതൽ വോട്ട് ശതമാനം ചിറ്റത്ത്പാറയിൽ
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറം നിയമസഭ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ശതമാനം വോട്ട് രേഖപ്പെടുത്തിയത് പന്തല്ലൂർ ചിറ്റത്ത്പാറയിൽ. 84.02 ശതമാനം വോട്ടാണ് ചിറ്റത്തുപാറ എ.എൽ.പി സ്കൂളിൽ രേഖപ്പെടുത്തിയത്. 964 പേരാണ് ആകെയുള്ള വോട്ടർമാർ. ഇതിൽ 810 പേർ സമ്മതിദാനം വിനിയോഗിച്ചു. മലപ്പുറം എം.എസ്.പി.എച്ച്.എസ്.സിലെ 114-ാം നമ്പർ ബൂത്തിലാണ് ഏറ്റവും കുറവ്. 1,449 വോട്ടർമാരിൽ 860 പേരാണ് ഇവിടെ വോട്ട് ചെയ്തത്. മണ്ഡലത്തിൽ ആകെ 75.04 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ആകെ 2,21,111 വോട്ടർമാരിൽ 1,65,929 പേരാണ് വോട്ട് ചെയ്തത്. 1,12,329 പുരുഷ വോട്ടർമാരിൽ 80,664 പേരും 1,08,782 സ്ത്രീവോട്ടർമാരിൽ 85,265 പേരാണ് വോട്ട് ചെയ്തത്.
മലപ്പുറം മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ വെള്ളിയാഴ്ച തെരഞ്ഞെടുപ്പിനിടെ വോട്ടുയന്ത്രങ്ങൾ പണി മുടക്കുകയും മെല്ലെപോക്കുമുണ്ടായിരുന്നു. ഇത് പല ബൂത്തുകളിലും വോട്ടുശതമാനം കുറക്കാൻ കാരണമായിട്ടുണ്ടെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

