നെല്ല് സംഭരണം വേഗത്തിലാക്കണമെന്ന് കോൾ കർഷകർ
text_fieldsകോൾ പ്രദേശത്ത് സംഭരണത്തിനായി കൂട്ടിയിട്ട നെല്ല്
ചങ്ങരംകുളം: പൊന്നാനി കോൾ മേഖലയിലെ കൊയ്തെടുത്ത നെല്ലിന്റെ സംഭരണം വേഗത്തിലാക്കണമെന്ന് കോൾ കർഷകർ ആവശ്യപ്പെട്ടു. നെല്ല് സംഭരണം വൈകുന്നത് കർഷകരെ ഏറെ ദുരിതത്തിലാക്കുകയാണ്. കൊയ്തെടുത്ത നെല്ലിന്റെ ഭൂരിഭാഗവും ഇപ്പോഴും വയലിൽ കൂട്ടിയിട്ട് കിടക്കുകയാണ്. സംഭരണത്തിന്റെ കാലതാമസത്തിനിടെ ഇടവിട്ട് വേനൽമഴ പെയ്യുന്നതിനാൽ വയലിൽ കൂട്ടിയിട്ട നെല്ല് കേടുവരുമോയെന്ന ആശങ്കയിലാണ് കർഷകർ.
കൊയ്തെടുത്ത നെല്ലിന് ആവശ്യമായ സംഭരണ സംവിധാനമില്ലാത്തതും കർഷകരെ വലക്കുന്നു. സപ്ലൈകോയുടെ കീഴിൽ നെല്ല് സംഭരണത്തിന് നിയോഗിച്ച മില്ലുകൾ വിവിധ കാരണങ്ങൾ പറഞ്ഞ് കർഷകരിൽനിന്ന് നെല്ലിന്റെ തൂക്കത്തിൽ കിഴിവ് ആവശ്യപ്പെടുന്നതായും പരാതികൾ ഉയരുന്നുണ്ട്. നെല്ലിന്റെ നിറം കുറവാണന്നും പതിര് കൂടുതലാണന്നും ആരോപിച്ചാണ് മില്ലുകൾ കിഴിവ് ആവശ്യപ്പെടുന്നത്.
ഇത്തവണ പൊന്നാനി കോൾ മേഖലയിൽ മികച്ച വിളവാണ് കർഷകർക്ക് ലഭിച്ചത്. അതേസമയം, വേനൽ മഴ മൂലം കൊയ്ത്തിന് ഇരട്ടി ചെലവാണ്. പാടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ട്രാക്ടർ ഇറങ്ങാൻ കഴിയാത്ത അവസ്ഥയും ഉണ്ട്. കൊയ്ത നെല്ല് കരക്കെത്തിക്കാൻ പ്രയാസവും. ഇത് അധിക സാമ്പത്തികബാധ്യത ഉണ്ടാക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു.
വോട്ടെടുപ്പിന് തൊഴിലാളികൾ വിവിധ സ്ഥലങ്ങളിലേക്ക് പോയതിനാൽ തൊഴിലാളി ക്ഷാമവും രൂക്ഷമാണ്. മഴ നനഞ്ഞതിന്നെത്തുടർന്ന് വൈക്കോൽ വിൽപനയും നിലച്ചു. സംഭരണ സൗകര്യമില്ലാത്തതിനാൽ കർഷകർ വാടകക്കെടുത്ത ടാർപായ പാടത്ത് തന്നെ വിരിച്ച് നെല്ല് കൂട്ടിയിടേണ്ട അവസ്ഥയാണ്. മഴ വീണ്ടും ഭീഷണിയായാൽ നെല്ല് ഉണക്കി നൽകേണ്ട അവസ്ഥയുള്ളതിനാൽ സംഭരണം വേഗത്തിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

