മണ്ണാർമലക്കാരുടെ ഉറക്കം കെടുത്തി വീണ്ടും സി.സി.ടി.വി ദൃശ്യം
text_fieldsപട്ടിക്കാട്: മണ്ണാർമലയിലെ ജനവാസ മേഖലകളിൽ മാസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തി പുലിയുടെ രാത്രി സഞ്ചാരം. മലയിറങ്ങുന്നതിനിടെ കെണിയായി വെച്ച കൂടിന് മുന്നിൽ വിശ്രമിച്ച് താഴേക്ക് നടന്നുപോകുന്ന പുലിയുടെ ദൃശ്യം വീണ്ടും കാമറയിൽ പതിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് നാട്ടുകാർ സ്ഥാപിച്ച കാമറയിൽ മാട് റോഡിനു സമീപം വീണ്ടും പുള്ളിപ്പുലിയുടെ ദൃശ്യം പതിഞ്ഞത്.
ഒരു മാസത്തിനിടെ നിരവധി തവണയാണ് പുലി കാമറക്ക് മുന്നിലെത്തുന്നത്. പുലിയെ പിടിക്കാൻ ആടിനെ ഇരയാക്കി കെണി വെച്ചിട്ടുണ്ടെങ്കിലും കെണിയിലേക്ക് നോക്കിയ ശേഷം കടന്നു പോകുകയാണ്. അതേസമയം, പുലിയെ പിടികൂടി ആളുകളുടെ ഭീതിയകറ്റാൻ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടാകുന്നില്ല. ഇത് നാട്ടുകാരിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഒരേ സ്ഥലത്ത് പുലിയെ പലതവണ കണ്ടിട്ടും പുലിക്കെണി സ്ഥാപിച്ചതല്ലാതെ മറ്റു നടപടികൾ ഉണ്ടായിട്ടില്ല. വകുപ്പ് മന്ത്രിക്ക് നേരിട്ട് പരാതി നൽകിയ നാട്ടുകാർ ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ ധർണയും നടത്തിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല.
പ്രത്യേക സംഘത്തെ നിയോഗിച്ച്, മയക്കുവെടി വെച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാനത്തുമംഗലം-കാര്യവട്ടം പാതയിൽ മാട് റോഡ് ഭാഗത്താണ് പുലി സ്ഥിരമായി എത്തുന്നത്. പുലി സ്ഥിരമായി കടന്നുപോകുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള പ്രദേശങ്ങളായ മണ്ണാർമല പള്ളിപ്പടി, മാനത്ത് മംഗലം, കക്കൂത്ത് എന്നിവിടങ്ങളിൽ നൂറുകണക്കിന് വീടുകളുണ്ട്. ഇവിടത്തെ കുടുംബങ്ങൾ മാസങ്ങളായി ഭീതിയിലാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

