സി.ബി.എസ്.ഇ ജില്ല കായികമേള; ഐഡിയലിന് കുതിപ്പ്
text_fieldsസി.ബി.എസ്.ഇ ജില്ല കായികമേള അണ്ടർ19 ലോങ്ജംപിൽ ഒന്നാം സ്ഥാനം നേടിയ അൻസല അൻവർ അലി (ഐഡിയൽ കടകശ്ശേരി)
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ മലപ്പുറം സെൻട്രൽ സഹോദയയുടെ നേതൃത്വത്തിൽ തുടങ്ങിയ സി.ബി.എസ്.ഇ ജില്ല കായികമേളയിൽ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരിക്ക് പതിവ് കുതിപ്പ്. മേളയുടെ ആദ്യ ദിനമായ ചൊവ്വാഴ്ച 46 ഇനങ്ങൾ പൂർത്തിയായപ്പോൾ 218 പോയന്റ് നേടിയാണ് ഐഡിയൽ മുന്നേറുന്നത്. 150 പോയന്റ് നേടി നിലമ്പൂർ പീവീസ് മോഡൽ സ്കൂളാണ് രണ്ടാമത്. 73 പോയന്റ് നേടിയ പുത്തനത്താണി എം.ഇ.എസ് മൂന്നാം സ്ഥാനത്താണ്. ഉദ്ഘാടന ചടങ്ങിൽ നടന്ന മാർച്ച് പാസ്റ്റിൽ കാർമൽഗിരി സ്കൂൾ തലഞ്ഞി, സേക്രഡ് ഹാർട്ട് പെരിന്തൽമണ്ണ, ഐഡിയൽ കടകശ്ശേരി സ്കൂളുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
കെ. ഫർഹ ആയിഷ (അണ്ടർ 17, 1500 മീറ്റർ, എം.ഇ.എസ് സെൻട്രൽ സ്കൂൾ പുത്തനത്താണി), വി.വി. അജിബ് ഷാൻ (അണ്ടർ 19, ഡിസ്കസ് ത്രോ, ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി), ടി. അയാൻ അലി (അണ്ടർ 17 ലോങ്ജംപ്, പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ)
ജില്ലയിലെ 86 സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽനിന്നായി 10 വിഭാഗങ്ങളിലായി 2500ലധികം കായികതാരങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഹൃഷികേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. സഹോദയ പ്രസിഡന്റ് നൗഫൽ പുത്തൻപീടിയക്കൽ അധ്യക്ഷത വഹിച്ചു. സഹോദയ ജനറൽ സെക്രട്ടറി സി.സി. അനീഷ് കുമാർ, ട്രഷറർ വി.എം. മനോജ്, ജോയന്റ് സെക്രട്ടറി ഫാ. തോമസ് ജോസഫ്, സഹോദയ ഭാരവാഹികളായ റഫീഖ് മുഹമ്മദ്, ഡോ. ജംഷീർ നഹ, അത്ലറ്റിക് അസോസിയേഷൻ ഭാരവാഹികളായ രവീന്ദ്രൻ മാസ്റ്റർ, ഷാഫി അമ്മായത്ത് എന്നിവർ പങ്കെടുത്തു. മേള ബുധനാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

