സി.ബി.എസ്.ഇ ക്ലസ്റ്റര്‍ 10 അത്‍ലറ്റിക് മീറ്റ്: ആദ്യ ദിനം തൃശൂരിന്‍റെ സർവ്വാധിപത്യം
text_fieldsഹൈജംപ് അണ്ടര്‍ 19 -ഹാദി സാദിഖ് (പീവീസ് മോഡല്‍ സ്കൂള്‍ നിലമ്പൂര്‍)
തേഞ്ഞിപ്പലം: സി.ബി.എസ്.ഇ ന്യൂഡല്‍ഹി സ്പോര്‍ട്‌സ് വിഭാഗം കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടത്തുന്ന ക്ലസ്റ്റര്‍ -10 അത്‍ലറ്റിക് മീറ്റിന്റെ ആദ്യദിനം 37 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തൃശൂരിന്റെ സര്‍വാധിപത്യം. തൃശൂര്‍ മുതല്‍ കാസർകോട് വരെയുള്ള 650ല്‍പരം സി.ബി.എസ്.ഇ സ്കൂളുകളിലെ വിദ്യാർഥികള്‍ പങ്കെടുക്കുന്ന മേളയിൽ ഒമ്പത് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമായി 161 പോയന്റ് നേടി തൃശൂര്‍ ഭാരതീയ വിദ്യാഭവന്‍സ് വിദ്യാമന്ദിറാണ് മുന്നില്‍.
ആറ് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമായി 125.5 പോയന്റ് നേടി തൃശൂര്‍ മുളങ്കുന്നത്തുകാവ് കുലപതി മുന്‍ഷിഭവന്‍ വിദ്യാമന്ദിറാണ് രണ്ടാം സ്ഥാനത്ത്. നാല് സ്വര്‍ണവും ആറ് വീതം വെള്ളിയും വെങ്കലവുമായി 124 പോയന്റോടെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിറാണ് മൂന്നാം സ്ഥാനത്ത്. മലപ്പുറം ജില്ലയില്‍ ചാമ്പ്യന്‍മാരായ നിലമ്പൂര്‍ പീവീസ് മീറ്റിന്റെ ആദ്യദിനത്തില്‍ പത്താം സ്ഥാനത്താണ്. 20 പോയന്റാണ് നേട്ടം.
അണ്ടര്‍ 14, 17, 19 വിഭാഗങ്ങളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രത്യേകം ട്രാക്ക് ആൻഡ് ഫീല്‍ഡ് ഇനങ്ങളില്‍ മത്സരിക്കുന്നുണ്ട്. വിജയികള്‍ക്ക് കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും ലഭിക്കുന്നതോടൊപ്പം ജനുവരിയില്‍ നടക്കുന്ന ദേശീയ മീറ്റിലും പങ്കെടുക്കാം.
ശനിയാഴ്ച മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ച് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ മേള ഉദ്ഘാടനം ചെയ്തു. മലപ്പുറം സഹോദയ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ പതാക ഉയര്‍ത്തി.
ജനറല്‍ കണ്‍വീനറും പീസ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പലുമായ എം. ജൗഹര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുല്‍ നാസര്‍, അല്‍മാസ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. പി.എ. കബീര്‍, സഹോദയ സെക്രട്ടറി പി. ഹരിദാസ്, ഭാരവാഹികളായ മജീദ് ഐഡിയല്‍, കല്ലിങ്ങല്‍ മുഹമ്മദാലി, കെ.കെ. രവീന്ദ്രന്‍, ഷാഫി അമ്മായത്ത്, പി. നിസാര്‍ഖാന്‍, സോണി ജോസ്, സിസ്റ്റര്‍ ആന്‍സില ജോര്‍ജ്, മുഹമ്മദ് ബഷീര്‍, ജോബിന്‍ സെബാസ്റ്റ്യന്‍, കെ. ഗോപകുമാര്‍, കെ. നിസാര്‍, വി.പി. ഫൈസല്‍, എസ്. സ്മിത എന്നിവര്‍ സംസാരിച്ചു.മീറ്റ് ഞായറാഴ്ച സമാപിക്കും. വിജയികള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ഇവര്‍ വേഗതാരങ്ങള്‍
തേഞ്ഞിപ്പലം: സി.ബി.എസ്.ഇ ക്ലസ്റ്റര്‍ 10 അത്‍ലറ്റിക് മീറ്റില്‍ മികച്ച വേഗം കൈവരിച്ച് ഇവര്‍ താരങ്ങളായി. പെണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗത്തില്‍ തൃശൂര്‍ ദേവമാത സി.എം.ഐ പബ്ലിക് സ്കൂളിലെ കെ.എസ്. മിത്ര ലക്ഷ്മിയും (13.83 സെക്കന്‍ഡ്) ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്റ്റീവ് പോള്‍ വില്‍സണും (12.17 സെക്കന്‍ഡ്) സ്വര്‍ണം നേടി. അണ്ടര്‍ 17 വിഭാഗത്തില്‍ തൃശൂരിലെ സി. സെയ്ദ് മുഹമ്മദ് ഹാജി മെമ്മോറിയല്‍ സെന്‍ട്രല്‍ സ്കൂളിലെ പി.എന്‍. അബയയും (13.43) വാണിയമ്പലം സെന്റ് ഫ്രാന്‍സിസ് സ്കൂളിലെ ടി.പി. മുഹമ്മദ് നസീബും (11.45 സെക്കന്‍ഡ്) സ്വര്‍ണം നേടി.
ആണ്‍കുട്ടികളുടെ അണ്ടര്‍ 19 വിഭാഗത്തില്‍ തൃശൂര്‍ ദേവമാത സി.എം.ഐ പബ്ലിക് സ്കൂളിലെ ഗോവിന്ദ് ഹരിദാസിനും (11.30 സെക്കന്‍ഡ്) പെണ്‍കുട്ടികളില്‍ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിറിലെ കെ. ഹരിതക്കുമാണ് (13.18 സെക്കന്‍ഡ്) സ്വര്‍ണം.
ഹൈജംപില്‍ മികച്ച ഉയരം കീഴടക്കി ദേവക് ഭൂഷണ്‍
തേഞ്ഞിപ്പലം: സി.ബി.എസ്.ഇ ക്ലസ്റ്റർ 10 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഹൈജംപില്‍ ദേവക് ഭൂഷണിന്റെ മിന്നും പ്രകടനം. സംസ്ഥാന സ്കൂള്‍ കായിക മേളയിലേതിനേക്കാള് കൂടുതല്‍ ഉയരം കീഴടക്കിയാണ് ദേവക് ശ്രദ്ധേയനായത്.കോഴിക്കോട് ചേവായൂര്‍ ഭവന്‍സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ദേവക് 1.93 മീറ്റര്‍ ഉയരം മറികടന്നാണ് സ്വര്‍ണം ചൂടിയത്.
കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ 1.89 മീറ്റര്‍ ചാടിയ താരമാണ് സ്വര്‍ണം നേടിയത്.ദേവക് ഭൂഷണ്‍ കഴിഞ്ഞ ജൂനിയര്‍ നാഷണല്‍ മീറ്റില്‍ വെങ്കലവും സംസ്ഥാന മീറ്റില്‍ വെള്ളിയും നേടിയിരുന്നു. ചേവായൂര്‍ മതിലഞ്ചേരി വിജയ് ഭൂഷന്റെയും സൗമ്യ ഭൂഷന്റെയും മകനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.