മഴയുടെ മറയത്ത് മോഷ്ടാക്കളിറങ്ങാം...വേണം, അതിജാഗ്രത
text_fieldsമലപ്പുറം: ശക്തമായ മഴയെ അനുകൂല സാഹചര്യമാക്കി വീടുകളിലും വ്യാപാര സ്ഥാപനങ്ങളും മോഷണം നടത്തുന്നവരുടെ എണ്ണം ജില്ലയിൽ വർധിക്കുന്നു. ഇത്തവണ മഴക്കാലം ആരംഭിച്ചത് മുതൽ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന മോഷണ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ട്. വെള്ളിയാഴ്ച കൊണ്ടോട്ടി തുറക്കലിലും കോടങ്ങാട് ആലുങ്ങൽതൊടിയിലും വീടുകളിൽ മോഷണം നടക്കുകയും സ്വർണാഭരണങ്ങളും പണവും നഷ്ടമാവുകയും ചെയ്തു.
വാതിലിനോട് ചേർന്ന ജനലിന്റെ കുറ്റിയിടുന്ന ഭാഗം ഡ്രിൽ ചെയ്ത് തകർത്താണ് ഒരിടത്ത് മോഷ്ടാവ് അകത്ത് കയറിയത്. കഴിഞ്ഞ ആഴ്ച വളാഞ്ചേരി അത്തിപ്പറ്റയിൽ അടഞ്ഞ് കിടക്കുന്ന വീട്ടിൽ നടന്ന മോഷണത്തിൽ രണ്ടരലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ നഷ്ടപ്പെട്ടിരുന്നു. മഴ ശക്തമായ സമീപദിവസങ്ങളിൽ പരപ്പനങ്ങാടിയിൽ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നിരുന്നു.
തുടർന്ന് പൊലീസും വ്യാപാരികളും സംയുക്തമായി രാത്രികാല പട്രോളിങ്ങിനിറങ്ങാൻ തീരുമാനിക്കുകയും ചെയ്തു. തിരൂർ തൃക്കണ്ടിയൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വർണം കവർന്ന സംഭവവും കഴിഞ്ഞദിവസമുണ്ടായി. ഈ ഭാഗത്ത് മുഖംമൂടിയിട്ട് മാരകായുധങ്ങളുമായി വീടുകൾക്കുചുറ്റും രാത്രി കവർച്ചക്ക് നടക്കുന്നവരുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞത് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിരുന്നു.
കള്ളൻമാരുടെ ഇഷ്ടകാലം
മഴക്കാലം കള്ളൻമാരുടെ സീസണാകാൻ നിരവധി കാരണങ്ങളാണ് പൊലീസുകാർ നിരത്തുന്നത്. പ്രധാനമായും പുലർച്ചെ രണ്ട് മുതൽ നാല് വരെയുള്ള സമയത്താണ് ഇത്തരം മോഷ്ടാക്കൾ മോഷണത്തിന് തെരഞ്ഞെടുക്കുന്നത്. മഴയുടെ സമയത്ത് ശബ്ദവും കാഴ്ചയും മറയുന്നതാണ് മോഷ്ടാക്കൾ മുതലെടുക്കുന്നത്. മാത്രമല്ല, മഴക്കാലത്ത് നാൽക്കവലകളും അങ്ങാടികളുമെല്ലാം പതിവിലും മുന്നേ കാലിയാകും.
തെരുവ് വിളക്കുകളും പലയിടത്തും കത്തില്ല. മഴക്കാലത്ത് പതിവായ വൈദ്യുതി മുടക്കം കള്ളൻമാർക്ക് മറ്റൊരു അവസരമാണ്. ഒരാഴ്ചയിലേറെയാണ് ജില്ലയിൽ രാത്രി നല്ല മഴയാണ്. ആളുകൾ നേരത്തെ ഉറങ്ങാൻ സാധ്യതയുണ്ടെന്നതും അവർ അനുകൂല ഘടകമായി കാണുന്നു. കള്ളൻമാർ വാതിൽ കുത്തിത്തുറക്കുന്നതും ജനൽ കമ്പി മുറിക്കുന്നതുമൊന്നും മഴയുടെ ശബ്ദത്തിൽ വീട്ടുകാർ കേട്ടെന്ന് വരില്ല.
രാത്രികാലങ്ങളിൽ കവർച്ചക്കിരയാകാനും സാധ്യത കൂടുതലാണെന്ന് പൊലീസ് പറയുന്നു. രാത്രി മഴയുള്ളപ്പോൾ ഒറ്റപ്പെട്ട് സഞ്ചരിക്കുന്നത് ഒഴിവാക്കണം. പതുങ്ങിയിരുന്ന് അക്രമിച്ച് കവർച്ച നടത്താനുള്ള സാധ്യതയുണ്ടെന്ന് തിരിച്ചറിയണം. മഴയുടെ മറവിൽ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുന്നത് ആളുകൾ കേൾക്കാനിടയില്ല. അതിനാൽ വാഹന മോഷ്ടാക്കളെയും കരുതിയിരിക്കണം.
രാത്രിയിൽ വേണം കൂടുതൽ കരുതൽ
വീടുപൂട്ടി യാത്ര പോകുന്നവർ പൊലീസിന്റെ പോൽ ആപ്പിൽ (Pol-App (Kerala Police)) ലോക്കഡ് ഹൗസ് ഇൻഫർമേഷൻ എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഈ ആപ്പ് പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം. രാത്രിയിൽ വീടിന് പുറത്തെ ലൈറ്റുകളെല്ലാം ഓഫ് ചെയ്ത് ഉറങ്ങുന്നവർ ആ പതിവ് മാറ്റണം. പുറത്തെ ലൈറ്റുകൾ ഓണാക്കിവെക്കണം. ജനലുകളും വാതിലുകളും അടച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
കമ്പിപ്പാര, പിക്കാസ് തുടങ്ങിയ ആയുധങ്ങൾ വീടിന് പുറത്ത് സൂക്ഷിക്കരുത്. പൊലീസിന്റെ എമർജൻസി നമ്പറായ 112 അടക്കം ഫോൺ നമ്പറുകൾ സൂക്ഷിച്ചുവെക്കുക. മൊബൈൽ ഫോണുകളിൽ ആവശ്യത്തിന് ചാർജുണ്ടെന്ന് ഉറപ്പാക്കണം. പൈപ്പിലെ വെള്ളം തുറന്നുവിടുന്ന ശബ്ദം, കുഞ്ഞുങ്ങളുടെ കരച്ചില് തുടങ്ങിയ അസ്വാഭാവിക ശബ്ദങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അയൽവാസികളേയോ അടുത്തുള്ള ബന്ധുക്കളേയോ അറിയിക്കണം.
സി.സി.ടി.വിയുള്ള വീടുകളിലെ ആളുകൾ അവ എപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. റെസിഡൻറ്സ് അസോസിയേഷൻ, ഗ്രാമീണ കൂട്ടായ്മകൾ എന്നിവരുടെയെല്ലാം നേതൃത്വത്തിൽ ജാഗ്രത നടപടികളും സ്വീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

