പ്രചാരണം കടുപ്പിച്ച് സ്ഥാനാർഥികൾ
text_fieldsനെടുങ്കയത്തെ ഉന്നതി സന്ദർശിച്ച് യു. ഷറഫലി
കരുളായി: നിലമ്പൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി യു. ഷറഫലി നെടുങ്കയം ഉന്നതിയിലെ ആദിവാസി കുടുംബങ്ങൾ സന്ദർശിച്ചു.
ആദിവാസി മേഖലയിലെ കുട്ടികളുടെ കായികമായ കഴിവുകളെ പരിപോഷിപ്പിക്കാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം വോട്ടർമാർക്ക് ഉറപ്പുനൽകി. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മണ്ഡലത്തിലെ വീടില്ലാത്ത മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും സുരക്ഷിതമായ പാർപ്പിടം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തിയ അദ്ദേഹം ജനങ്ങളുമായി നേരിട്ട് സംവദിച്ചു.
അമരമ്പലം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിച്ച പരിപാടിയിൽ ഷറഫലി പങ്കെടുത്തു. സി.ഡി.എസ് പ്രസിഡന്റ് സി.ആർ. സൗമ്യ ചടങ്ങിൽ സ്ഥാനാർഥിയെ പരിചയപ്പെടുത്തി. അമരമ്പം പുതിയ കളത്തെ മാലിന്യസംസ്കരണ യൂനിറ്റായ ‘ഇക്കോ വേൾഡ്’ സന്ദർശിച്ച അദ്ദേഹം അവിടത്തെ തൊഴിലാളികളുമായി ആശയവിനിമയം നടത്തി. കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ അമരമ്പലത്ത് സംഘടിപ്പിച്ച ‘സ്ത്രീധ്വനി’ പരിപാടിയിലും സ്ഥാനാർഥി സാന്നിധ്യമറിയിച്ചു.
ആവേശമായി ആര്യാടൻ ഷൗക്കത്തിന്റെ അമരമ്പലം പര്യടനം
പൂക്കോട്ടുംപാടം: യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ അമരമ്പലം പഞ്ചായത്ത് പര്യടനം ജനപങ്കാളിത്തംകൊണ്ട് ആവേശമായി. രാവിലെ തോട്ടേക്കാട്ട് നടന്ന ചടങ്ങിൽ മുതിർന്ന മുസ്ലിം ലീഗ് നേതാവ് പി.എം. സീതിക്കോയ തങ്ങൾ പര്യടനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അഷ്റഫ് മുണ്ടശ്ശേരി അധ്യക്ഷത വഹിച്ചു.
നൂറോളം ബൈക്കുകളുടെ അകമ്പടിയോടെയും വാദ്യമേളങ്ങളോടെയുമാണ് സ്ഥാനാർഥി ഓരോ സ്വീകരണകേന്ദ്രത്തിലും എത്തിയത്. സ്ത്രീകളടക്കം വൻ ജനക്കൂട്ടമാണ് ഓരോ കേന്ദ്രത്തിലും സ്ഥാനാർഥിയെ കാത്തുനിന്നത്. പര്യടനത്തിലുടനീളം പ്രവർത്തകർ ആവേശകരമായ മുദ്രാവാക്യം വിളികളോടെയാണ് ഷൗക്കത്തിനെ വരവേറ്റത്. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ഇഖ്ബാൽ മുണ്ടേരി, കൺവീനർ എൻ.എ. കരീം, വി.എ. കരീം, പാലോളി മെഹബൂബ്, യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കേമ്പിൽ രവി, പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ, വി.പി. അബ്ദുൽ കരീം, എൻ.എം. ബഷീർ, കെ.പി. ജൽസീമിയ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
കരുളായി: നിലമ്പൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം ഇത്തവണ വർധിപ്പിക്കുമെന്ന് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഇസ്മയിൽ മൂത്തേടം. യു.ഡി.എഫ് സ്ഥാനാർഥിയുടെ കരുളായി പഞ്ചായത്ത് പര്യടനം ചെറുപുഴയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കക്കോടൻ നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ഇഖ്ബാൽ മുണ്ടേരി, കൺവീനർ എൻ.എ. കരീം, പാലോളി മെഹബൂബ്, പഞ്ചായത്ത് കൺവീനർ അനീഷ് കരുളായി, ടി. സുരേഷ് ബാബു, പഞ്ചായത്ത് പ്രസിഡന്റ് ഷീജ കണ്ടങ്ങാപ്പുറത്ത്, വൈസ് പ്രസിഡന്റ് ഇ.കെ. ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ വാരിക്കൽ, കളം, പത്തുതറപടി, കൊട്ടുപാറ, യതീംഖാന, പാറക്കൽ, താഴെ പിലാക്കോട്ടുപാടം, നല്ലംതണ്ണി വളവ്, പുല്ലഞ്ചേരി, കാർളിക്കോട്, അമ്പലപ്പടി, മരുതങ്ങാട് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം രാത്രി പുള്ളിയിൽ സമാപിച്ചു. എല്ലാ കേന്ദ്രങ്ങളിലും വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.
എൽ.ഡി.എഫ് സ്ഥാനാർഥിയുടെ കാളികാവ് പര്യടനം
കാളികാവ്: വണ്ടൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. കെ.കെ. ദാമോദരൻ ചോക്കാട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. മഞ്ഞപ്പെട്ടി, മാടമ്പം, ചുണ്ടക്കുന്ന്, മമ്പാട്ടൂമൂല, പന്നികോട്ടുമുണ്ട, പെടയന്താൾ, ചോക്കാട്, കല്ലാമൂല, കേളുനായർപടി, സ്രാമ്പിക്കല്ല്, പുല്ലങ്കോട്, ഉദിരംപൊയിൽ എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്. കാളികാവ് പഞ്ചായത്തിലെ ചെങ്കോട്, മേലേകാളികാവ്, ചാഴിയോട്, പുറ്റൻക്കുന്ന്, തണ്ടുകോട്, ഐലാശ്ശേരി, വെള്ളയൂർ, ചിറ്റയിൽ, പൂങ്ങോട്, കറുത്തനി, വെന്തോടംപടി, പൂച്ചപ്പൊയിൽ എന്നിവിടങ്ങളിൽ സ്ഥാനാർഥി പര്യടനം നടന്നു. അനിൽ നിരവിൽ, ജെ. ക്ലിറ്റസ്, പി. ഷൈജു, കെ. റഹീം, ലിനീഷ്, കെ.ടി. മുജീബ്, വി. സുഫിയാൻ, സി. ജയപ്രകാശ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

