പൊന്നാനി ഫിഷർമെൻ കോളനി മത്സ്യഗ്രാമം പോലുള്ള പദ്ധതിക്കായി ഉപയോഗിക്കാം -ഹൈകോടതി
text_fieldsപൊന്നാനി ഫിഷർമെൻ കോളനി
പൊന്നാനി: പൊന്നാനിയിലെ ഭവന രഹിതരും കടലാക്രമണ ബാധിതരുമായ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ നിർമിച്ച ഫിഷർമെൻ കോളനിയുടെ ദുരിതാവസ്ഥക്ക് പരിഹാരമായി കോടതി വിധി. 16 വർഷം മുമ്പ് ഐ.എച്ച്.എസ്.ഡി.പി പദ്ധതിയിൽ കോടികൾ ചെലവഴിച്ച് ഉണ്ടാക്കിയ കെട്ടിടങ്ങൾ ആൾപാർപ്പില്ലാതെ നശിക്കുന്നതിനിടെയാണ് ആശ്വാസമായി കോടതി വിധി എത്തിയത്.
മത്സ്യഗ്രാമം ഉൾപ്പെടെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനുതകുന്ന പദ്ധതികൾ പ്രദേശത്ത് നടപ്പാക്കാമെന്നാണ് കോടതി ഉത്തരവ്. മറ്റു കാര്യങ്ങൾക്കായി സ്ഥലം ഉപയോഗിക്കരുതെന്നും നിബന്ധനയുണ്ട്.
ഫിഷറീസ് വകുപ്പിന്റെ അധീനതയിലുള്ള അഞ്ച് ഏക്കർ സ്ഥലത്ത് അസൗകര്യങ്ങൾ ഏറെയുള്ള 120 വീടുകളാണ് നിർമിച്ചത്. ഇതിൽ താമസിക്കാൻ ആരും തയാറാവാതിരുന്നതിനാൽ നിലവിൽ ആൾപാർപ്പില്ലാതെ മഴയും വെയിലുമേറ്റ് തകർന്നടിഞ്ഞ നിലയിലാണ്.
കേന്ദ്ര സർക്കാറിന്റെ ഐ.എച്ച്.എസ്.ഡി.പി പദ്ധതിയിൽ കോടികൾ ചെലവിട്ടാണ് ഫിഷർമെൻ കോളനി നിർമിച്ചത്. മാറി വന്ന സർക്കാറുകൾ ഫിഷർമെൻ കോളനി പുനരുദ്ദീകരിക്കുമെന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇതെല്ലാം പാഴ്വാക്കായി. ഇതിനിടെ ജനസമ്പർക്ക സംരക്ഷണ സമിതി ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകി. ഈ സ്ഥലം മറ്റൊരു കാര്യത്തിനും ഉപയോഗിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. എന്നാൽ, നിലവിലുള്ള വീടുകൾ താമസയോഗ്യമല്ലെന്നും ജീർണാവസ്ഥയിലാണെന്നും ചൂണ്ടിക്കാട്ടി നഗരസഭ മറുപടി നൽകി. ഇതേത്തുടർന്നാണ് സ്ഥലത്ത് മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമായ പദ്ധതി നടപ്പാക്കാമെന്ന് കോടതി വിധിച്ചത്. ഇതേത്തുടർന്ന് 7.241 കോടി രൂപ ചെലവഴിച്ച് മത്സ്യഗ്രാമം പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
മത്സ്യഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പദ്ധതികൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി കളിസ്ഥലം, വയോധികരുടെ ആരോഗ്യ സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനുമായി പാർക്ക്, വിശ്രമ സ്ഥലം, ഓഡിറ്റോറിയം എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും. കൂടാതെ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന വീടുകൾ, മത്സ്യത്തീറ്റ നിർമാണശാല, വനിതകളുടെയും കുട്ടികളുടെയും സമഗ്ര വികസനത്തിനായുള്ള കേന്ദ്രം, ലൈബ്രറി, കോൾഡ് സ്റ്റോറേജ് സൗകര്യം, സീഫുഡ് കഫ്തീരിയ, ഫിഷ് പ്രൊഡക്ട്സ് ഔട്ട് ലെറ്റ് എന്നിവയും സ്ഥാപിക്കാനാണ് പദ്ധതി തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

