വിമാനത്താവളങ്ങളിലെ പരിശോധന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കാമറ നിർബന്ധമാക്കി
text_fieldsമലപ്പുറം: അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ പുതിയ പരിഷ്കാരം നടപ്പാക്കുന്നു. ഇനി മുതൽ വിമാനത്താവളങ്ങളിലെ യൂനിഫോം ധരിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ ബോഡി വേൺ കാമറകൾ (Body Worn Cameras - BWC) ധരിക്കണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സി.ബി.ഐ.സി) ഉത്തരവിട്ടു. യാത്രക്കാരുമായുള്ള തർക്കങ്ങൾ ഒഴിവാക്കാനും, അഴിമതി തടയാനും, ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുമുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ഭാഗമാണിത്.
ബാഗേജ് ക്ലിയറൻസിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥർ റെഡ് ചാനലിൽ ഡ്യൂട്ടിയിലായിരിക്കുമ്പോൾ കാമറ ധരിക്കണം. യാത്രക്കാരുമായി ഇടപഴകുമ്പോൾ റെക്കോർഡിങ് ആരംഭിക്കണം. പരിശോധന പൂർത്തിയാകുന്നത് വരെ ഇത് തുടരണം. സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന വിവരം ഉദ്യോഗസ്ഥർ യാത്രക്കാരെ അറിയിക്കണം.
കാമറകളിൽ ദൃശ്യങ്ങൾ വ്യക്തമായി പതിയണം
യൂനിഫോമിലെ വലതുവശത്ത്, തടസ്സമില്ലാതെ ദൃശ്യങ്ങൾ പതിയുന്ന രീതിയിലാകണം കാമറ ഘടിപ്പിക്കേണ്ടത്. വൈ-ഫൈ, ബ്ലൂടൂത്ത് അല്ലെങ്കിൽ സിം സൗകര്യങ്ങൾ ഇല്ലാത്ത സ്റ്റാൻഡ്-എലോൺ കാമറകൾ മാത്രമേ ഉപയോഗിക്കാവൂ. ഓരോ ഷിഫ്റ്റിന് ശേഷവും റെക്കോർഡ് ചെയ്ത വിവരങ്ങൾ പാസ്‌വേഡുള്ള പ്രത്യേക കമ്പ്യൂട്ടറിലേക്ക് മാറ്റണം. ദൃശ്യങ്ങൾ 90 ദിവസത്തേക്ക് സൂക്ഷിക്കണം. കേസുകളോ അന്വേഷണമോ ഉണ്ടെങ്കിൽ കൂടുതൽ കാലം സൂക്ഷിക്കണം. ദൃശ്യങ്ങൾ മാറ്റം വരുത്താനോ ഡിലീറ്റ് ചെയ്യാനോ പാടില്ല. ബന്ധപ്പെട്ട ഡെപ്യൂട്ടി/അസിസ്റ്റന്റ് കമീഷണർക്കാകും കാമറകളുടെ ചുമതല. കാമറ കൈപ്പറ്റുന്ന സമയവും തിരികെ നൽകുന്ന സമയവും കൃത്യമായി രേഖപ്പെടുത്തി ഉദ്യോഗസ്ഥർ ഒപ്പിടണം. കാമറകൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാവൂ.
ഉദ്യോഗസ്ഥർ ബ്രേക്ക് എടുക്കുമ്പോഴോ മറ്റ് ജോലികളിലേക്ക് മാറുമ്പോഴോ തിരികെ ഏൽപ്പിക്കണം. വിജിലൻസ് വിഭാഗത്തിലെ അഡീഷനൽ/ജോയന്റ് കമീഷണർക്കാകും ഡാറ്റയുടെ ചുമതലയെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

