മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും കൂടുതൽ സൗകര്യങ്ങളുള്ള കോവിഡ് ഫസ്റ്റ്ലൈൻ ചികിത്സകേന്ദ്രം കാലിക്കറ്റ് സർവകലാശാലയിൽ. 1200ലധികം കിടക്കകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 10 ഡോക്ടര്‍മാര്‍, 50 നഴ്സുമാര്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്കായി 50 ട്രോമകെയര്‍ വളണ്ടിയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണുണ്ടാകുക. സര്‍വകലാശാല ലേഡീസ് ഹോസ്റ്റലിലെ പാരിജാതം, മുല്ല, എവറസ്റ്റ് കെട്ടിടസമുച്ചയങ്ങളിലായാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സര്‍വകലാശാല സഹായത്തോടെ ഇൻറര്‍നെറ്റ് സൗകര്യവും മറ്റ് വിനോദ ഉപാധികളും ലഭ്യമാക്കും. ഭക്ഷണം ലഭ്യമാക്കാന്‍ ഹോസ്റ്റല്‍ ജീവനക്കാരെ ചുമതലപ്പെടുത്തി.
കോവിഡ് പോസിറ്റീവായ രോഗം ഗുരുതരമല്ലാത്തവരായ മലപ്പുറം ജില്ലക്കാരെയാണ് ഇവിടെ പ്രവേശിപ്പിക്കുക. ഒരു മുറിയില്‍ നാല് പേര്‍ക്കാണ് പ്രവേശനം. കൂടുതല്‍ ബുദ്ധിമുട്ടുള്ളവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ കോവിഡ് കെയര്‍ സെൻററിലും ഗുരുതരാവസ്ഥയിലുള്ളവരെ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിക്കും. ആയിരത്തിലധികം കിടക്കയും തലയിണയും പുതുതായി കയര്‍ ബോര്‍ഡില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. ജില്ലയില്‍ കാളികാവ് സഫ ആശുപത്രി, മഞ്ചേരി മുട്ടിപ്പാലത്തെ സയന്‍സ് ഇന്‍സിസ്റ്റ്യൂട്ട് ഹോസ്റ്റല്‍, കൊണ്ടോട്ടി ഹജ്ജ് ഹൗസ് എന്നിവിടങ്ങളിലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് കേന്ദ്രങ്ങളുള്ളത്. നിലവിൽ കൊച്ചിയിലെ അഡ്ലക്സ് കൺവെൻഷൻ സെൻററിലാണ് സംസ്ഥാനത്ത് കൂടുതൽ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവിടെ ഒരേ സമയം 800 പേർക്കാണ് സൗകര്യമുളളത്.
ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ കേന്ദ്രം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന, കാലിക്കറ്റ് സർവകലാശാല രജിസ്ട്രാര്‍ ഡോ. സി.എല്‍. ജോഷി, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എ ഷിബുലാല്‍, ജില്ല മാസ്മീഡിയ ഓഫീസര്‍ പി. രാജു, ടെക്നിക്കല്‍ അസി. യു. കൃഷ്ണന്, ആര്‍ദ്രം അസി. നോഡല്‍ ഓഫീസര്‍ ഡോ.ഫിറോസ് ഖാന്, മഞ്ചേരി മെഡിക്കല്‍ കോളജ് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.അബ്ദുല്‍കലാം, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡൻറ് സഫിയ റസാഖ്, തേഞ്ഞിപ്പലം പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സരിത, പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാജി അറക്കല്‍, നെടുവ സി.എച്ച്.സിയിലെ ഡോ.പി. രഞ്ജിത്ത്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ കോവിഡ് ലെയ്സണ്‍ ഓഫീസര്‍ ഡോ. അബൂബക്കര്‍ തുടങ്ങിയവർ സംബന്ധിച്ചു.