അങ്ങാടിപ്പുറം വഴി ബസ് സർവിസ് പുനരാരംഭിച്ചു
text_fieldsകോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് റോഡ് പാടേ തകർന്ന ഭാഗത്ത് സ്വകാര്യ ബസുകൾ ഓടാതിരുന്നിട്ടും വെള്ളിയാഴ്ച രാവിലെ രൂപപ്പെട്ട കുരുക്ക്
പെരിന്തൽമണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് റോഡ് തകർച്ചയും അതുമൂലമുള്ള രൂക്ഷമായ ഗതാഗതക്കരുക്കും കാരണം ബസ് സർവിസ് നടത്താനാവാതെ ആരംഭിച്ച സമരം താൽക്കാലികമായി നിർത്തി. റോഡിൽ നേരത്തെ തയാറാക്കിയ വിധം കട്ടവിരിച്ച് കുഴിയടക്കുന്ന പ്രവൃത്തി 29ന് ആരംഭിക്കും. കലക്ടറുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത് മലപ്പുറത്ത് നടത്തിയ ചർച്ചയിലാണ് തീരുമാനം.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ശേഷം ഭാഗികമായി ഇതുവഴി ബസ് സർവിസ് ആരംഭിച്ചു. തീരുമാനം അംഗീകരിച്ചാണ് 26 മുതൽ നടത്തി വരുന്ന സമരം പിൻവലിക്കുന്നതെന്നും ശനിയാഴ്ച മുതൽ സർവിസ് നടത്തുമെന്നും സമരം നടത്തി വരുന്ന ബസ് തൊഴിലാളി യൂനിയനും സമരത്തോട് സഹകരിക്കുന്ന ബസുടമ സംഘം താലൂക്ക് ഭാരവാഹികളും അറിയിച്ചു. അങ്ങാടിപ്പുറം മേൽപ്പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് റോഡ് വലിയ തോതിൽ പൊളിഞ്ഞ് വലിയ കുഴികളായത്.
ഇതുകാരണം വളരെ സാവകാശത്തിലാണ് വാഹനങ്ങൾ നീങ്ങുന്നത്. ഫലത്തിൽ സമയത്തിന് അങ്ങാടിപ്പുറം കടക്കാനാവാതെ ദിനേന ട്രിപ് നഷ്ടപ്പെട്ട് സ്വകാര്യ ബസുകൾ പ്രതിസന്ധി നേരിട്ടപ്പോഴാണ് ബസ് ജീവനക്കാരുടെ സംഘടന സമരത്തിന് 20 ന് നോട്ടീസ് നൽകിയത്. ചർച്ച നടത്തി സമരമൊഴിവാക്കാൻ അധികൃതർ ശ്രമിക്കാത്തത് കാരണം രണ്ടു ദിവസം ഇതുവഴിയുള്ള യാത്രസൗകര്യം മുടങ്ങി.
മേൽപാലത്തിന് സമീപം ഇന്റർലോക്ക് കട്ട വിരിക്കൽ ഞായറാഴ്ച രാവിലെ മുതൽ ആരംഭിക്കുമെന്ന ഉറപ്പിൽ സമരം നിർത്തുകയാണെന്ന് ബസ് ജീവനക്കാരുടെയും ഉടമകളുടെയും സംഘടന പ്രതിനിധികൾ അറിയിച്ചു. ബ്ലോക്കുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ ബന്ധപ്പെട്ട ആർ.ടി.ഒ, പൊലീസ് എന്നിവരുടെ സാന്നിധ്യത്തിൽ പരിശോധിച്ച് തീരുമാനങ്ങൾ എടുക്കും. കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബസ്ജീവനക്കാർ രണ്ടുദിവസമായി നടത്തിവരുന്ന സമരം പിൻവലിച്ചത്.
കലക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ. മുസ്തഫ, എ.ഡി.എം എൻ.എം. മെഹറലി, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ. സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, പെരിന്തൽമണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്ത്, മോട്ടോർവാഹന വകുപ്പ്, എൻ.എച്ച് വിഭാഗം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ശേഷം പെരിന്തൽമണ്ണ ഡിവൈ.എസ്.പി എ. പ്രംജിത്ത് ബസ് ഉടമകളെയും തൊഴിലാളി യൂനിയൻ പ്രതിനിധികളെയും ഉൾപ്പെടുത്തി പെരിന്തൽമണ്ണയിൽ തീരുമാനങ്ങൾ അറിയിച്ച് ചർച്ച നടത്തി. അതിനു ശേഷമാണ് സർവിസ് ഓടിത്തുടങ്ങിയത്. ബസ് ഉടമസ്ഥ സംഘം താലൂക്ക് സെക്രട്ടറി മുഹമ്മദാലി ഹാജി വെട്ടത്തൂർ, സഫ മുഹമ്മദാലി, സന യൂനസ്, എക്സൽ ജബ്ബാർ എന്നിവരും തൊഴിലാളി യൂനിയൻ നേതാക്കളായ അനിൽകുറുപ്പത്ത്, മാടാല മുഹമ്മദാലി, റാഷിദ്, അനൂപ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

