പട്ടാപ്പകല്‍ വീട്ടില്‍ മോഷണം; 19 പവന് കവര്‍ന്നു
text_fieldsതേഞ്ഞിപ്പലം: പട്ടാപ്പകൽ വാടക വീട്ടില്‍ കയറി 19 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. തേഞ്ഞിപ്പലം പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഇല്ലത്ത് സ്കൂളിന് സമീപം വാടകക്ക് താമസിക്കുന്ന ദേവതിയാല്‍ സ്വദേശി കാടശ്ശേരി വീട്ടില്‍ നായാടിയുടെ മകന് ഹരിദാസന്റെ മരുമകളുടെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.
ചൊവ്വാഴ്ച രാവിലെ പത്തിനും ഉച്ചക്ക് 12.30നും ഇടയിലാണ് മോഷണം. സംഭവസമയം വീട്ടിൽ ആരുമില്ലായിരുന്നു. വാടക വീടിന് ഒരു കിലോമീറ്റര്‍ അകലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഹരിദാസനും കുടുംബവും പോയ സമയം നോക്കിയാണ് ആസൂത്രിതമായി കവര്‍ച്ച നടത്തിയത്. ഇവര്‍ ഉച്ചക്ക് ഒന്നിന് തിരിച്ചെത്തിയപ്പോഴാണ് ഓടിട്ട വീടിന് പിറകിലെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറികളിലെ സ്റ്റീല്‍ അലമാരയും മര അലമാരയും തകര്‍ത്ത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി അറിയുന്നത്.
പരാതിയെ തുടര്‍ന്ന് തേഞ്ഞിപ്പലം സി.ഐ ഒ.കെ. പ്രദീപിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിയോടെ മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. പ്രദേശത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം. വീട്ടില്‍ സ്വര്ണാഭരണങ്ങളുണ്ടെന്നും കുടുംബാംഗങ്ങള്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് പതിവായി പോകാറുണ്ടെന്നും കൃത്യമായി മനസ്സിലാക്കിയവരാണ് കവര്‍ച്ചക്ക് പിന്നില്‍. സമാന രീതിയില്‍ കവര്‍ച്ച നടത്തുന്നവരെ കേന്ദ്രീകരിച്ചും അടുത്തിടെയുണ്ടായ ഭവനമോഷണ കേസുകളുടെ സ്വഭാവം പരിശോധിച്ചുമാണ് പൊലീസ്
നീക്കം.