ബണ്ട് റോഡ് മുങ്ങി; തുറുവാണം ദ്വീപിലേക്ക് തോണി
text_fieldsമാറഞ്ചേരി: കാലവർഷം കനത്തതോടെ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുറുവാണം ദ്വീപിലേക്കുള്ള യാത്രാമാർഗമായ ബണ്ട് റോഡ് വെള്ളം കൊണ്ട് മൂടിയതിനെ തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദ്വീപിലേക്ക് തോണി സർവിസ് ആരംഭിച്ചു. താനൂരിൽ നിന്നാണ് ദ്വീപു നിവാസികൾക്ക് പുറംലോകത്ത് എത്താനുള്ള തോണി എത്തിച്ചിരിക്കുന്നത്. കാലവർഷം ശക്തമായാൽ പൊന്നാനി കോൾ മേഖലയിൽ ശക്തമായ നീരൊഴുക്ക് രൂപപ്പെടുയും തുടർന്ന് ദ്വീപിലേക്കുള്ള ഏകയാത്രമാർഗമായ ബണ്ട് റോഡ് വെള്ളം കൊണ്ട് മൂടുകയും ചെയ്യുന്നത് പതിവാണ്.
മഴ ശക്തമാവുന്ന സമയങ്ങളിൽ ദ്വീപുകാർ നേരിടേണ്ടി വരുന്ന ഈ ദുരവസ്ഥക്ക് കാലങ്ങളുടെ പഴക്കമുണ്ട്. 170 കുടുംബങ്ങളിലായി എണ്ണൂറോളം ആളുകളാണ് ദ്വീപിൽ താമസിക്കുന്നത്. വർഷങ്ങൾക്കു മുൻപ് റോഡ് ഉയർത്തി നവീകരിക്കാൻ പദ്ധതി വരികയും പണി തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ നിർമാണത്തിലെ അശാസ്ത്രീയത മൂലം നിർമാണം പാതി വഴിയിൽ മുടങ്ങി. ഏറെ നാളത്തെ മുറവിളികൾക്ക് ഒടുവിൽ ജീവിതത്തിലേക്ക് പാലം നിർമിക്കാൻ ബജറ്റിൽ തുക വക വെച്ചതിനെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ പാലം എന്ന വികസന സ്വപ്നം ഇന്നും യാഥാർഥ്യമായിട്ടില്ല. ഇത്തവണയും തുറുവാണം ദ്വീപുകാർക്ക് പുറം ലോകത്ത് എത്താൻ തോണി മാത്രമാണ് ശരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

