‘ശലഭങ്ങൾ’ പെയ്തിറങ്ങി; ബഡ്സ് കലോത്സവം കൊടിയിറങ്ങി
text_fieldsമലപ്പുറം: പരിമിതികളെ മറികടന്ന് ആവേശം വാനോളമുയർത്തി ചുവടുവെച്ചും പാടിത്തീർത്തും മുന്നേറിയ വർണദിനങ്ങൾക്ക് സമാപനം.
നവംബർ ഏഴു മുതൽ മലപ്പുറം മുനിസിപ്പൽ ടൗൺഹാളിൽ അരങ്ങേറിയ ‘ശലഭങ്ങൾ 23’ ജില്ല ബഡ്സ് കലോത്സവമാണ് വർണാഭമായി കൊടിയിറങ്ങിയത്. മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ മത്സരങ്ങളിൽ 44 പോയന്റുമായി വട്ടംകുളം കനിവ് ബഡ്സ് സ്കൂൾ ഒന്നാം സ്ഥാനം നേടി. 30 പോയന്റുമായി മക്കരപ്പറമ്പ് ബഡ്സ് രണ്ടാം സ്ഥാനവും 26 പോയന്റുമായി മാറഞ്ചേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കലോത്സവ സമാപന സമ്മേളനം മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിദ്യാർഥികൾക്ക് ഇത്തരം കലോത്സവങ്ങൾ വലിയ സന്തോഷവും ഊർജവുമാണ് പകരുന്നതെന്ന് മന്ത്രി പറഞ്ഞു.
ജില്ല ഭിന്നശേഷിക്കാരുടെ ഉന്നമന പ്രവർത്തനങ്ങളിൽ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ ഹന്ന ജൗഹറക്ക് മന്ത്രി ഉപഹാരം നൽകി. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലയിൽ 63 ബഡ്സ് സ്ഥാപനങ്ങളിൽ നിന്നായി പങ്കെടുത്ത 826 കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.
പരിപാടിയിൽ സേവനമർപ്പിച്ച നെഹ്റു യുവകേന്ദ്ര വളന്റിയർമാർ, ഡി.ഡി.യു.ജി.കെ.വൈ വളന്റിയർമാർ, എൻ.എസ്.എസ് വളന്റിയർമാർ എന്നിവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, ഇ.എൻ. മോഹൻദാസ്, ജില്ല സാമൂഹികനീതി ഓഫിസർ ഷീബ മുംതാസ്, ചെറുകാവ് ബഡ്സ് സ്പെഷൽ സ്കൂൾ എച്ച്.എം റഫീഖ്, രജീഷ് ഊപ്പാല എന്നിവർ സംസാരിച്ചു. ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കെ. കക്കൂത്ത് സ്വാഗതവും മുഹമ്മദ് കട്ടുപാറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

