യേശുദാസിന്റെ പാട്ടുകൾ ശേഖരിച്ച് പിറന്നാൾ സമ്മാനം
text_fieldsയേശുദാസിന്റെ ഗാനങ്ങളുടെ സീഡികളുമായി ആർ.വി. രവി
മലപ്പുറം: ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണു നീ... ‘ഗാനഗന്ധർവൻ’ കെ.ജെ. യേശുദാസിന്റെ പാട്ടുകളെ ‘വരി തെറ്റാതെ’ പിന്തുടരുന്ന ഒരു ആരാധകനുണ്ടിവിടെ. നിലമ്പൂർ സ്വദേശിയും ചിത്രകല അധ്യാപകനുമായ ആർ.വി. രവിയാണ് ആ സംഗീതപ്രേമി. യേശുദാസിന്റെ തുടക്കം മുതലുള്ള ഗാനങ്ങളെല്ലാം രവിയുടെ ശേഖരത്തിലുണ്ട്.
ആദ്യകാലങ്ങളിൽ കാസറ്റുകളിലായിരുന്നു ശേഖരണം. പിന്നീട് സീഡികളായി. ആരാധന മൂത്തപ്പോൾ രവിക്ക് ഒരാശ. ഗാനഗന്ധർവന് പിറന്നാൾ സമ്മാനമായി പ്രത്യേകതയുള്ള എന്തെങ്കിലും നൽകണമെന്ന്. യേശുദാസിന്റെ 84ാം പിറന്നാളിൽ അദ്ദേഹത്തിന്റെ എട്ട് വിഭാഗങ്ങളിലുള്ള 84 വീതം പാട്ടുകൾ വേർതിരിച്ച് കോർത്തിണക്കി ഓരോ സീഡിയാക്കി. ഇങ്ങനെ 672 ഗാനങ്ങൾ സീഡിയിലാക്കി സമ്മാനിക്കാനിരിക്കുകയാണ് രവി.
അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളാകും തന്റെ സീഡികളിൽ ഉണ്ടായിരിക്കുകയെന്ന് ആർ.വി. രവി പറഞ്ഞു. ഒരു വർഷം സമയമെടുത്താണ് കൈവശമില്ലാതിരുന്ന പാട്ടുകളടക്കം സംഘടിപ്പിച്ച് സീഡിയിലേക്ക് റെക്കോഡ് ചെയ്തത്. നാട്ടിലെ പഴയ സീഡി കടക്കാരനെ ഒപ്പം കൂട്ടിയായിരുന്നു ‘ഗന്ധർവ’ കലക്ഷൻ. ജനനം എറണാകുളത്തായിരുന്നെങ്കിലും വർഷങ്ങളായി രവിയും കുടുംബവും നിലമ്പൂരിലാണ് താമസം. ഗീതമണിയാണ് ഭാര്യ. ഗ്രാഫിക് ഡിസൈനർമാരായ സ്വരവർണ, രാഗശിൽപ എന്നിവർ മക്കളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.