മമ്പാട്ട് പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്
text_fieldsപരിക്കേറ്റ മുഹമ്മദ്
നിലമ്പൂർ: ബൈക്കിൽ പോകുന്നതിനിടെ പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മമ്പാട് കോളജ് ജങ്ഷനിലെ പൂക്കോടൻ മുഹമ്മദിനാണ് (60) പരിക്കേറ്റത്. ഇദ്ദേഹത്തെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടുവക്കാട് പുത്തൻകുളത്തിന് സമീപം കോളജ് റോഡിൽ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. റോഡിനു കുറുകെ ചാടിയ പുലി എതിർദിശയിലെ കുറ്റിക്കാട്ടിലേക്ക് മറഞ്ഞു.
ഇതു കണ്ട് ബൈക്ക് നിർത്തിയ ഉടൻ കുറ്റിക്കാട്ടിൽ നിന്ന് പുലി കുതിച്ചെത്തി ആക്രമിക്കുകയായിരുന്നെന്ന് മുഹമ്മദ് പറഞ്ഞു. കാലിന്റെ തുടയിൽ പുലി മാന്തിയിട്ടുണ്ട്. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞു. കരച്ചിൽ കേട്ട് ആളുകളെത്തിയപ്പോഴേക്കും പുലി കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു. വനം വകുപ്പും ദ്രുതപ്രതികരണ സേനയും പരിസരങ്ങളിൽ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കാട്ടുപന്നിയുടെയും കുറുനരിയുടേതുമെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിൽ മമ്പാട് ഹൈദ്രോസ് കുന്നിലും എളമ്പുഴ ഭാഗത്തും പുലിയെ കണ്ടിരുന്നു. ഇതിനുശേഷം എളമ്പുഴ ഭാഗത്തെ കുറ്റിക്കാടുകൾ നാട്ടുകാർ വെട്ടിമാറ്റിയിരുന്നു. ഇവിടെനിന്ന് പുലി പുത്തൻകുളത്തേക്ക് വന്നതാകാമെന്നാണ് കരുതുന്നത്. കൂടു വെച്ച് പുലിയെ പിടികൂടി ആശങ്കയകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വനം വകുപ്പ് റാപ്പിഡ് റെസ്പോൺസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്.
പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി -ഡി.എഫ്.ഒ
നിലമ്പൂർ: പുലിയുടെ ആക്രമണം ഉണ്ടായെന്ന് പറയുന്ന പുത്തൻകുളത്തും സമീപ പ്രദേശങ്ങളിലും വനംവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തിയതായി സൗത്ത് ഡി.എഫ്.ഒ ധനിക് ലാൽ പറഞ്ഞു. സ്ഥലത്ത് നടത്തിയ പരിശോധനയിൽ പുലിയുടേതെന്ന് സംശയിക്കുന്ന പെരുമാറ്റമോ കാൽപാടുകളോ കണ്ടെത്താനായിട്ടില്ല. എന്നാൽ, എളമ്പുഴ ഭാഗത്ത് കഴിഞ്ഞ ദിവസം കണ്ടത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വനത്തോട് ചേർന്ന ഭാഗമാണിത്. പുലിയുടേതെന്ന് സംശയിക്കുന്ന പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ കൂടു വെച്ച് പിടികൂടാനാണ് തീരുമാനമെന്നും ഡി.എഫ്.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

