മലയാളത്തിൽ മികച്ച വിജയം കൊയ്ത് ബീഹാറുകാരി കാജൽ
text_fieldsമൊറയൂര്‍: മലയാളത്തെ പ്രണയിച്ച ബീഹാര്‍ സ്വദേശിനിക്ക് ഇത്തവണത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മലയാളത്തിൽ മികച്ച വിജയം. ഒളവട്ടൂര്‍ എച്ച്.ഐ.ഒ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിച്ച കാജല്‍ കുമാരിയാണ് മലയാളത്തില്‍ അതിരുകളില്ലാത്ത നേട്ടം സ്വന്തമാക്കിയത്.
കാജല്‍ ഹിന്ദി മാറ്റിയാണ് മലയാളം ഉപഭാഷയായി തെരഞ്ഞെടുത്തത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മലയാളത്തില്‍ 200ല്‍ 193 മാർക്കാണ് കാജലിനുള്ളത്. ബിഹാറിലെ ദര്‍ഭംഗയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച കാജല്‍ കോഴിക്കോട്ടെ ചെരുപ്പ് കമ്പനിയില്‍ ജോലി ചെയ്യുന്ന പിതാവിനും കുടുംബത്തിനുമൊപ്പം പുളിക്കല്‍ ആലുങ്ങലിലാണ് താമസിക്കുന്നത്. പഠനകാര്യങ്ങളില്‍ മിടുക്കിയായ കാജല്‍ മലയാള ഭാഷയില്‍ കൂടുതല്‍ പരിജ്ഞാനം നേടാനുള്ള ഒരുക്കത്തിലാണ്.

