മൊഞ്ച് കൂട്ടാൻ മലപ്പുറത്തിന്റെ ഇടനെഞ്ചിലൊരു കൂറ്റൻ പന്ത്
text_fieldsമലപ്പുറം കുന്നുമ്മലിൽ സ്ഥാപിച്ച ഫുട്ബാൾ മാതൃക
മലപ്പുറം: കാൽപന്തുകളിയുടെ ഹൃദയതാളത്തിലലിഞ്ഞ മലപ്പുറം ജില്ലയുടെ ആസ്ഥാനനഗരിയിലിതാ ഒരു മനോഹര കാഴ്ച. ഭരണസിരാകേന്ദ്രമായ കുന്നുമ്മലിൽ നഗര സൗന്ദര്യവത്കരണ ഭാഗമായി കൂറ്റൻ പന്ത് സ്ഥാപിച്ചിരിക്കുകയാണ്. ദേശീയപാതയിൽ ഡി.ടി.പി.സി ഹാളിന് എതിർവശത്തെ ഡിവൈഡറിൽ ഇതോടൊപ്പം ഗോൾ പോസ്റ്റും വലയുമുള്ള കൊച്ചു ടർഫ് മാതൃകയും ഒരുക്കുന്നുണ്ട്.
പൊലിമ കൂട്ടാൻ അലങ്കാര വിളക്കുകൾ കൂടിയെത്തുന്നതോടെ ഇവിടം ലങ്കിമറിയും. ഫുട്ബാളും മലപ്പുറവും തമ്മിലെ ഇഴപിരിക്കാനാവാത്ത ബന്ധമാണ് കൊച്ചു ടർഫുണ്ടാക്കാൻ നഗര ഭരണകൂടത്തെ പ്രേരിപ്പിച്ചത്.
സ്വാഗത കമാനങ്ങൾ, പ്രധാന കവലകളിൽ സ്ഥലസൂചിക ബോർഡുകൾ, അലങ്കാര വിളക്കുകൾ, നവീകരിച്ച ബസ് ബേകൾ എന്നിവ ഒന്നാം ഘട്ടത്തിൽ സ്ഥാപിച്ചിരുന്നു. സംസ്ഥാനപാതയിൽ നൂറടിപ്പാലത്തിലും മൈലപ്പുറത്തുമാണ് ആദ്യം എൽ.ഇ.ഡി അലങ്കാര വിളക്കുകൾ പ്രകാശിച്ചത്.
രണ്ടാം ഘട്ടം കുന്നുമ്മലിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മുതൽ കോരങ്ങോട് വരെയും സ്ഥാപിച്ചിട്ടുണ്ട്. മുണ്ടുപറമ്പ്- കാവുങ്ങൽ, മുണ്ടുപറമ്പ്- മച്ചിങ്ങൽ ബൈപാസുകളിലും അലങ്കാര വിളക്കുകളുണ്ടാവും. സി.സി.ടി.വി കാമറകളും സ്ഥാപിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

