ടി.കെ കോളനിയിൽ വീണ്ടും കരടി; ക്ഷേത്ര തിടപ്പള്ളി തകർത്തു
text_fieldsടി.കെ കോളനി ക്ഷേത്രത്തിൽ കരടിയുടെ പരാക്രമത്തിൽ തകർന്ന തിടപ്പള്ളി
പൂക്കോട്ടുംപാടം: ടി.കെ കോളനി ധർമശാസ്താ അയ്യപ്പക്ഷേത്രത്തിൽ വീണ്ടും കരടിയുടെ പരാക്രമം. ക്ഷേത്രത്തിലെ ഓഫിസ് മുറിയും തിടപ്പള്ളിയും പൂർണമായും തകർത്തു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്. ഏകദേശം 70,000 രൂപയുടെ നാശ നഷ്ടങ്ങൾ സംഭവിച്ചതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ജനവാസമേഖലയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ടി.കെ കോളനി, കവളമുക്കട്ട, ചുള്ളിയോട്, ചെട്ടിപ്പാടം തുടങ്ങിയ പ്രദേശങ്ങളിൽ കരടിയുടെ സാന്നിധ്യം പതിവായിരിക്കുaകയാണ്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പ് അധികൃതർ നിലവിൽ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് ഫലപ്രദമാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അടിയന്തരമായി കൂടുതൽ കൂടുകൾ സ്ഥാപിക്കണമെന്നും കരടിയെ ഉടൻ പിടികൂടണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.
പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ ഫോറസ്റ്റ് ഓഫിസിലേക്ക് പൊതുജന മാർച്ചും ശക്തമായ സമരപരിപാടികളും സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. നിരീക്ഷണത്തിനായി കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും നിലവിലുള്ള കൂട് മാറ്റി സ്ഥാപിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ തന്നെ കരടിയെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

