ബാങ്കിങ് അവലോകന യോഗം: മലപ്പുറം ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപത്തിൽ 2485 കോടിയുടെ വർധനവ്
text_fieldsജില്ലാതല ബാങ്കിങ് അവലോകന യോഗം തിരുവനന്തപുരം ആർ.ബി.ഐ എൽ.ഡി.ഒ
ഇ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: ജില്ലയിലെ ബാങ്കുകളിൽ മാർച്ച് പാദത്തിൽ നിക്ഷേപം 2485 കോടി വർധിച്ച് 52,351 കോടിയായതായി ജില്ലതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. ഇതിൽ 15,503 കോടി രൂപ പ്രവാസി നിക്ഷേപമാണ്. ജില്ലയിലെ മൊത്തം വായ്പകൾ 32,855 കോടി രൂപയിലെത്തി. കഴിഞ്ഞ പാദത്തിലെ നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ 922.5 കോടി രൂപയുടെ വർധനവാണ് റിപ്പോർട്ട് ചെയ്തത്.
ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 62.76 ശതമാനമാണ്. കെ.ജി.ബി -79.02 ശതമാനം, കാനറ ബാങ്ക് -71.85, എസ്.ബി.ഐ -39.81, ഫെഡറൽ ബാങ്ക് -29.14, സൗത്ത് ഇന്ത്യൻ ബാങ്ക് -42.17 എന്നിങ്ങനെയാണ് ജില്ലയിലെ കൂടുതൽ ബ്രാഞ്ചുകളുള്ള ബാങ്കുകളിലെ വായ്പാ നിക്ഷേപ അനുപാതം. വായ്പാ നിക്ഷേപ അനുപാതം 60 ശതമാനത്തിൽ കുറവുള്ള ബാങ്കുകൾ അതിന് മുകളിൽ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വാർഷിക ക്രെഡിറ്റ് പ്ലാൻ പ്രകാരം ഈ സാമ്പത്തിക വർഷത്തിലെ ജില്ലയുടെ നേട്ടം 113 ശതമാനമാണ്.16,700 കോടി രൂപ എന്ന ലക്ഷ്യത്തെ മുൻനിർത്തി 18,900 കോടി രൂപയുടെ വായ്പകൾ നൽകി. വാർഷിക ക്രെഡിറ്റ് പ്ലാൻ പ്രകാരമുള്ള മുൻഗണനാ മേഖലയിലെ നേട്ടം 120 ശതമാനമാണ്.
സമൂഹത്തിലെ താഴേതട്ടിൽ ഉള്ളതും ഇടത്തരം സാമ്പത്തിക സ്ഥിതിയിൽ ഉള്ളവരുമായ സാധാരണക്കാരെ ഉദേശിച്ച് കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുറൻസ് പരിരക്ഷയും പെൻഷനും നൽകുന്ന സാമൂഹ്യസുരക്ഷാ പദ്ധതികളായ പി.എം.ജെ.ജെ.ബി.വൈ, പി.എം.എസ്.ബി.വൈ, എ.പി.വൈ എന്നിവ പരമാവധി ഉപഭോക്താക്കളിലെത്തിക്കാൻ ആർ.ബി.ഐയും എസ്.എൽ.ബി.സിയും സംയുക്തമായി നടത്തുന്ന സുരക്ഷാ പദ്ധതിയിൽ ഒരു ലക്ഷം ഉപഭോക്താക്കളെ ഉൾപ്പെടുത്തി.
യോഗം തിരുവനന്തപുരം ആർ.ബി.ഐ എൽ.ഡി.ഒ ഇ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. നബാർഡ് ഡി.ഡി.എം എ. മുഹമ്മദ് റിയാസ്, കാനറാ ബാങ്ക് ഡി.എം എച്ച്.വി. പ്രഭു, ലീഡ് ബാങ്ക് മാനേജർ എം.എ. ടിറ്റൻ, എസ്.ബി.ഐ, കനറാ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, ഫെഡറൽ ബാങ്ക് ഉൾപ്പെടെ ബാങ്കുകളുടെ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

