നിയമലംഘനം; മുറിഞ്ഞമാടിലെ ബോട്ട് സർവിസിന് വിലക്ക്
text_fieldsമുറിഞ്ഞമാടിൽ സർവിസ് നടത്തുന്ന ബോട്ടിൽ ബേപ്പൂർ പോർട്ട് ഉദ്യോഗസ്ഥരും പൊലീസും
പരിശോധന നടത്തുന്നു
കീഴുപറമ്പ്: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കീഴുപറമ്പ് മുറിഞ്ഞമാടിലെ അനധികൃത വിനോദ സഞ്ചാര ബോട്ട് സർവിസിന് വിലക്ക്. അരീക്കോട് പൊലീസും ബേപ്പൂർ പോർട്ട് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
മലപ്പുറം ജില്ല കലക്ടർക്ക് ലഭിച്ച പരാതിയെ തുടർന്ന് ശനിയാഴ്ച വൈകീട്ടാണ് ചാലിയാറിൽ സർവിസ് നടത്തുന്ന ബോട്ടുകളിൽ പരിശോധന നടത്തിയത്. രജിസ്ട്രേഷൻ, സർവേ, ഡ്രൈവറുടെ ലൈസൻസ് ഉൾപ്പെടെ രേഖകൾ പരിശോധന നടത്തി.
ഈ രേഖകൾ പല ബോട്ടുകളിലും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പോർട്ട് ഉദ്യോഗസ്ഥർ സർവിസ് നിർത്തിവെക്കാൻ നോട്ടീസ് നൽകിയത്.ജില്ല കലക്ടറെ നേരിൽകണ്ട് അനുമതി വാങ്ങി തുടർനടപടികൾ പൂർത്തിയാക്കിയ ശേഷമേ ബോട്ട് സർവിസ് നടത്താൻ അനുവദിക്കുകയുള്ളൂവെന്ന് ബേപ്പൂർ സീനിയർ പോർട്ട് കൺസർവേറ്റർ പ്രസാദ് പറഞ്ഞു.
താനൂർ ബോട്ടപകടം കഴിഞ്ഞതിനുശേഷം മുറിഞ്ഞമാട് സർവിസ് നടത്തുന്ന ബോട്ടുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.പോർട്ട് ഉദ്യോഗസ്ഥരുടെ പരിശോധന റിപ്പോർട്ട് വൈകാതെ അരീക്കോട് പൊലീസിന് ലഭിക്കും. ഇതിനുശേഷം പൊലീസിന്റെ ഭാഗത്തുനിന്നും കർശന നടപടി ഉണ്ടാകുമെന്ന് അരീക്കോട് എസ്.എച്ച്.ഒ എം. അബ്ബാസലിയും പറഞ്ഞു.
10 ലക്ഷത്തിൽ കൂടുതൽ പേരുടെ പ്രധാന കുടിവെള്ള സ്രോതസ്സാണ് ചാലിയാർ. ബോട്ടുകളുടെ സർവിസ് മൂലം പുഴയിലെ വെള്ളം വലിയ രീതിയിൽ മലിനമാകുന്നുണ്ട്. ഇതുസംബന്ധിച്ച് നിരവധി തവണ പരാതി നൽകിയിട്ടും ജലസേചന വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന പരാതിയും നിലവിലുണ്ട്. ബേപ്പൂർ സീനിയർ പോർട്ട് കൺസർവേറ്റർ പ്രസാദിന്റെ നേതൃത്വത്തിൽ ടെക് മാസ്റ്റർ ആഷിക്, സീമാൻ സുധീവ്, കടവ് സൂപ്പർവൈസർ റംഷാദ് അരീക്കോട് അഡീഷനൽ എസ്.ഐ അനീഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സജീവ്, ശരത് ലാൽ, ലിനീഷ് എന്നിവരാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

