വീട്ടുവാതില്‍ തകര്‍ത്ത് മോഷണശ്രമം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍
text_fieldsസന്തോഷ്
കുമാര്‍ എന്ന
ഹസന്
തേഞ്ഞിപ്പലം: അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. പത്തനംതിട്ട തിരുവല്ല പരുത്തിക്കാട്ട് മണ്ണില്‍ സന്ധ്യഭവനത്തില്‍ സന്തോഷ് കുമാര്‍ എന്ന ഹസന് (44) ആണ് തേഞ്ഞിപ്പലം പൊലീസിന്റെ പിടിയിലായത്. കാലിക്കറ്റ് സര്‍വകലാശാല റിട്ട. ജീവനക്കാരന് ഫ്രാന്‍സിസ് പുളിക്കോട്ടിലിന്റെ പാണമ്പ്രയിലെ വീട്ടിലാണ് മോഷണശ്രമമുണ്ടായത്. വാതിലിന്റെ പൂട്ട് തകര്‍ത്ത് പ്രതി വീട്ടിനകത്ത് പ്രവേശിക്കുകയായിരുന്നു. സ്വര്‍ണം അടക്കം വിലപിടിപ്പുള്ള ഒരു സാധനവും വീട്ടില്‍ സൂക്ഷിക്കാതിരുന്നതിനാല്‍ കാര്യമായൊന്നും ലഭിച്ചില്ല.
ക്രിസ്മസിന് ഫ്രാന്‍സിസും കുടുംബവും നാട്ടില്‍ പോയ സമയത്തായിരുന്നു മോഷണ ശ്രമം. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ച അയല്‍വാസികളാണ് മോഷണ വിവരം അറിഞ്ഞത്. മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. മോഷണ ശ്രമമുണ്ടായ വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഈ സംഭവത്തിന് ആഴ്ചകള്‍ക്കു മുമ്പ് കോഹിനൂരിലെ രണ്ട് വീടുകളില്‍ മോഷണം നടന്നിരുന്നു. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതേദിവസം പുലര്‍ച്ചതന്നെ ആളില്ലാത്ത സമയത്ത് വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് പണവും കവര്‍ന്നിരുന്നു. ഈ കേസുകളില്‍ അറസ്റ്റിലായ സ്ഥിരം മോഷ്ടാവിന് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്.
കുപ്രസിദ്ധി നേടിയ മോഷ്ടാവ്; തുടക്കം 15ാം വയസ്സില്‍
തേഞ്ഞിപ്പലം: മോഷണക്കേസുകളാല് കുപ്രസിദ്ധി നേടിയ സന്തോഷ്കുമാര്‍ 15ാം വയസ്സിലാണ് മോഷണം തുടങ്ങിയതെന്ന് പൊലീസ്. പിന്നീടങ്ങോട്ട് കേരളത്തില്‍ പല ജില്ലകളിലായി മോഷണക്കേസുകളില്‍ പ്രതിയായെന്നും രേഖകള്‍. കോഴിക്കോട് നടക്കാവ് കേന്ദ്രീകരിച്ച് താമസിച്ച് മോഷണങ്ങള്‍ തുടരുന്നതിനിടെയാണ് തേഞ്ഞിപ്പലം പാണമ്പ്രയിലെ മോഷണശ്രമ കേസിലുള്ള അറസ്റ്റ്. മോഷണത്തില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള പ്രതി പൊലീസിന് പിടികിട്ടാത്ത തരത്തിലാണ് മോഷണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതും നടപ്പാക്കിയിരുന്നതും.
അതിനാല്‍തന്നെ, ഒട്ടുമിക്ക മോഷണങ്ങളിലും പിടിക്കപ്പെട്ടില്ല. പൊലീസിനെയും ജയിലറകളും കണ്ടാല്‍ കാല്വിറക്കാത്ത മനക്കരുത്ത്. ചില പാളിച്ചകള്‍ സംഭവിച്ച സ്ഥലങ്ങളില്‍ മാത്രമാണ് പൊലീസിന്റെ വലയിലായത്. പാണമ്പ്രയിലെ വീട്ടില്‍ മോഷണത്തിന് കയറിയപ്പോള്‍ പതിഞ്ഞ വിരലടയാളമാണ് ഇത്തവണ തിരിച്ചടിയായത്. സ്ഥിരം മോഷ്ടാക്കളുടെ വിരലടയാളം പരിശോധിച്ച് താരതമ്യം ചെയ്ത് പൊലീസ് പ്രതി സന്തോഷ്കുമാര്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല ക്വാര്‍ട്ടേഴ്സുകള്‍ കേന്ദ്രീകരിച്ചും തേഞ്ഞിപ്പലം, പള്ളിക്കല്‍ മേഖലകള്‍ കേന്ദ്രീകരിച്ചും മുമ്പുണ്ടായ മോഷണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

