കസ്റ്റംസ് കമീഷണറെ അപായപ്പെടുത്താൻ ശ്രമം; വിശദമായി അന്വേഷിക്കും
text_fieldsമലപ്പുറം: കൊച്ചി കസ്റ്റംസ് കമീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമമുണ്ടായിട്ടില്ലെന്ന് പൊലീസിെൻറ പ്രാഥമിക വിലയിരുത്തൽ. എന്നാൽ, പരാതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.എം. ദേവസ്യ പറഞ്ഞു. കസ്റ്റംസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്ന വാഹനവും കോഴിക്കോട് മുക്കം സ്വദേശികളായ രണ്ട് യുവാക്കളെയും കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു.
മുക്കം കല്ലുരുട്ടി സ്വദേശി ജസീം (24), തൻസിം (21) എന്നിവരാണിവർ. ഇവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും മനഃപൂർവം ഗതാഗത തടസ്സം ഉണ്ടാക്കിയിട്ടില്ലെന്നുമാണ് പ്രാഥമികാന്വേഷണത്തിൽ പൊലീസ് കണ്ടെത്തൽ. അശ്രദ്ധമായി വാഹനം ഓടിച്ചതിനും മാർഗതടസ്സം സൃഷ്ടിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ നിരപരാധികളാണെന്നും വാഹനത്തെ പിന്തുടർന്നിരുന്നില്ലെന്നുമാണ് ഇവർ പൊലീസിനെ അറിയിച്ചത്.
വ്യാഴാഴ്ച കൽപറ്റയിൽ പ്രവർത്തനമാരംഭിച്ച കസ്റ്റംസ് പ്രിവൻറിവ് യൂനിറ്റ് ഉദ്ഘാടനം ചെയ്ത് കമീഷണർ കരിപ്പൂരിലേക്ക് മടങ്ങുേമ്പാഴായിരുന്നു സംഭവം. ഒരുകാറിലും രണ്ട് ബൈക്കുകളിലുമായെത്തിയ സംഘം കമീഷണറെ ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. തിരുവനന്തപുരത്തെ സ്വർണക്കള്ളക്കടത്ത്, ഡോളർ കടത്ത് എന്നീ കേസുകൾ അന്വേഷിക്കുന്ന സംഘത്തിെൻറ തലവനാണ് സുമിത് കുമാർ. കേരളത്തിെൻറ നാല് വിമാനത്താവളങ്ങളുടെ കസ്റ്റംസ് ചുമതലയും ഇദ്ദേഹത്തിനാണ്.

