ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പേരിൽ വീണ്ടും ആക്രമണം; പ്രതികൾ പിടിയിൽ
text_fieldsവിനയൻ, സൈജോ
അന്തിക്കാട്: ഇൻസ്റ്റാഗ്രാമിൽ പ്രതിയുടെ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ വൈരാഗ്യത്താൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ. പെരിങ്ങോട്ടുകര സ്വദേശി അരക്കാപറമ്പിൽ വീട്ടിൽ വിനയൻ (30), അന്തിക്കാട് സ്വദേശി കടവിൽ വീട്ടിൽ സൈജോ (33) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം ഒമ്പതിന് ഉച്ചക്ക് 12ന് മലപ്പുറം വട്ടംകുളം സ്വദേശി വിഷ്ണു (31) എന്നയാളെ ആക്രമിച്ച കേസിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ് വിഷ്ണുവും ഭാര്യയും പെരിങ്ങോട്ടുകര ക്ഷേത്രദർശനം കഴിഞ്ഞ് രാത്രി 11.30 ഓടെ ക്ഷേത്രത്തിന് മുന്നിലെ റോഡരികിൽ കാറിൽ ഇരിക്കുമ്പോൾ പ്രതികളായ വിനയനും സൈജോയും എത്തി വിഷ്ണുവുമായി തർക്കത്തിലേർപ്പെട്ടു.
സംഭവം വിഷ്ണു മൊബൈൽ ഫോണിൽ പകർത്തി ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതാണ് ആക്രമണത്തിന് കാരണം. പെരിങ്ങോട്ടുകര ആവണങ്ങാട്ട് ക്ഷേത്രത്തിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം. കാറിൽ വരികയായിരുന്ന വിഷ്ണുവിനെ ബൈക്കിലെത്തിയ പ്രതികൾ തടഞ്ഞ് ആക്രമിക്കുകയുമായിരുന്നു.
വിനയൻ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ ഒരു കൊലപാതകക്കേസിലും, ഒരു കൊലപാതക ശ്രമകേസിലും ആറ് അടിപിടിക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്യുക, കാപ്പ കേസ് എന്നിങ്ങനെ 20 ക്രമിനൽക്കേസുകളിലെ പ്രതിയാണ്. അന്തിക്കാട് സി.ഐ കേഴ്സൺ, എസ്.ഐ അഫ്സൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

