Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right2025...

2025 വിടപറയുമ്പോൾ...ജില്ലയിൽ ഒരു തിരിഞ്ഞുനോട്ടം

text_fields
bookmark_border
2025 വിടപറയുമ്പോൾ...ജില്ലയിൽ ഒരു തിരിഞ്ഞുനോട്ടം
cancel

വിടവാങ്ങി റാബിയ

കെ.വി. റാബിയ പ്രമുഖ സാക്ഷരത പ്രവർത്തകയും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പത്മശ്രീ കെ.വി. റാബിയ വിടവാങ്ങിയത് 2025 മേയ് നാലിനാണ്. അക്ഷരങ്ങളെ ആകാശത്തോളം സ്വപ്നം കാണുകയും സ്വപ്നം യാഥാർഥ്യമാക്കുകയും ചെയ്താണ് അക്ഷരപുത്രി നമ്മെ വിട്ടുപിരിഞ്ഞത്.

ദേശീയപാത തകർച്ച

ദേശീയ പാത 66ൽ നിർമാണത്തിലിരുന്ന വേങ്ങര -കൂരിയാട് റോഡ് തകർന്നത് 2025 മേയ് 19നാണ്. കരാറുകാരുടെ അശാസ്ത്രീയ നിർമാണ രീതിയും അധികൃതരുടെ ശ്രദ്ധക്കുറവും കാരണമായി സംഭവിച്ച റോഡ് തകർച്ചയിൽ ദേശീയപാത അതോറിറ്റി അന്വേഷണം ആരംഭിച്ചു. കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. തകർന്ന ഭാഗം പുനർനിർമിക്കാനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്.

നിലമ്പൂരിൽ യു.ഡി.എഫിന് വിജയത്തിളക്കം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി. അൻവർ രാജിവച്ച ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആര്യാടൻ ഷൗക്കത്ത് എം. സ്വരാജിനെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചു പിടിച്ചത്.

അനന്തപുരിയിൽ‘മലപ്പുറം രാജ’

സംസ്ഥാന സ്കൂൾ കായികമേളയിൽ അഭിമാനമായി മലപ്പുറം പട. ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ അത്‍ലറ്റിക്സിൽ ചാമ്പ്യന്മാരായി മലപ്പുറം അഭിമാന നേട്ടമാണ് ട്രാക്കിലാക്കിയത്. 22 സ്വർണവും 29 വെള്ളിയും 24 വെങ്കലവുമടക്കം 247 പോയന്റ് നേടിയാണ് അത്‍ലറ്റിക്സിൽ മലപ്പുറം ജേതാക്കളായത്. 78 പോയന്റ് നേടിയ ഐഡിയൽ കടകശ്ശേരിയും 58 പോയന്റുമായി നാവാമുകുന്ദയും 32 പോയന്റ് നേടിയ ആലത്തിയൂരും മലപ്പുറത്തിന്റെ വിജയത്തിൽ നിർണായക ശക്തികളായി.

വീട്ടിലെ പ്രസവവും മതിയായ ചികിത്സ ലഭിക്കാതെ മരണവും

2025 ഏപ്രിൽ ആറിന് മലപ്പുറം ഈസ്റ്റ് കോഡൂരിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂർ അറക്കപ്പടി കൊപ്പറമ്പിൽ പരേതനായ ഇബ്രാഹിം മുസ്‍ലിയാരുടെ മകൾ അസ്മ(35)യാണ് മരിച്ചത്. ജൂൺ 28ന് പ്രതിരോധ വാക്സിനും മതിയായ ചികിത്സയും ലഭിക്കാത്തതിനെ തുടർന്ന് 14 മാസം പ്രായമുള്ള ആൺ കുഞ്ഞ് മരിച്ചു. കോട്ടക്കൽ പുതുപ്പറമ്പ് നോവപ്പടിയിലെ വാടകവീട്ടിൽ താമസിക്കുന്ന പാങ്ങ് പടിഞ്ഞാറ്റുംമുറി കോട്ടക്കാരൻ നവാസ്-ഹിറ ഹരീറ ദമ്പതികളുടെ മകൻ ഇസൻ ഇർഹാനാണ് മരിച്ചത്. കുഞ്ഞിന് നേരത്തെ മഞ്ഞപ്പിത്തം ബാധിച്ചിരുന്നതായും വേണ്ട ചികിത്സ നൽകിയില്ലെന്നും ആരോപണമുണ്ടായി.

നാടിന്റെ വിദ്യാഭ്യാസത്തിനായി സുപ്രീം കോടതി വിധി

സ്വന്തം നാട്ടിൽ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനം നേടിയെടുക്കാൻ ഒരു നാട് നയിച്ച പോരാട്ടത്തിന് സുപ്രീകോടതി വിധിയിലൂടെ വെളിച്ചം നൽകിയത് ഒരുനാടിന്‍റെ പ്രതീക്ഷക്ക്. മഞ്ചേരി എലമ്പ്രയിൽ മൂന്ന് മാസത്തിനകം എൽ.പി സ്കൂൾ സ്ഥാപിക്കണമെന്ന് പരോമന്നത നീതിപീഠം വിധി പ്രഖ്യാപിച്ചു.

കാട്ടാന ആക്രമണം; മൂന്ന് മരണം

കാട്ടാന ആക്രമണത്തിൽ 2025 ലെ ആദ്യമരണം ഉണ്ടായത് കരുളായി ഉൾവനത്തിലാണ്. ആദിമഗോത്രവിഭാഗമായ ചോലനായ്ക്കരിൽപ്പെട്ട കരിയന്റെ മകൻ മണിയാണ് (35) കൊല്ലപ്പെട്ടത്. ജനുവരി അഞ്ചിന് വൈകുന്നേരം 6.30 ന് ആണ് സംഭവം.

ഒരാഴ്ച പിന്നിട്ട് കരുളായി വനത്തിലെ ഉച്ചക്കുളം വനപാതയിൽ രണ്ടാമത്തെ മരണവും നടന്നു. ഉച്ചക്കുളം നഗറിലെ സരോജിനിയുടെ ആക്രമണത്തിന് ഇരയായത്. ആഗസ്റ്റ് 21ന് എടവണ്ണ കിഴക്കെ ചാത്തല്ലൂരിൽ വീട്ടമ്മ കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ടു.ചാത്തല്ലൂർ കാവിലട്ടി പട്ടീരി വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ കല്യാണിഅമ്മ (68) ആണ് കൊല്ലപ്പെട്ടത്.

നവംബർ 27ന് അകമ്പാടം അരയാട് സ്വകാര്യ റബർ തോട്ടത്തിൽ വെച്ചുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ അന്തർസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഝാർഖണ്ഡ് റാച്ചി സ്വദേശിയായ ടാപ്പിങ് തൊഴിലാളി ചാരോ ഒറ വോൺ (47) ആണ് മരിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സമഗ്രാധിപത്യം

തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് ജില്ലയിൽ യു.ഡി.എഫിനുണ്ടായത്. 122 തദ്ദേശ സ്ഥാപനങ്ങളിൽ 117 ലും യു.ഡി.എഫ് അധികാരത്തിലെത്തി. ജില്ല പഞ്ചായത്തിൽ 33ൽ 33 ഉം നേടി യു.ഡി.എഫ് അധികാരം നിലനിർത്തി. 94 പഞ്ചായത്തുകളിൽ 90 ലും യു.ഡി.എഫ് അധികാരത്തിലെത്തി. 2020 ൽ 25 പഞ്ചായത്തുകൾ ഭരിച്ച എൽ.ഡി.എഫ് വാഴയൂർ, നിറമരുതൂർ, വെളിയങ്കോട് എന്നിവിടങ്ങളിൽ ഒതുങ്ങി. പെരുമ്പടപ്പിൽ എൽ.ഡി.എഫ്-കോൺഗ്രസ് സഖ്യം അധികാരം പിടിച്ചു. നഗരസഭകളിൽ 12 ൽ പൊന്നാനി ഒഴികെ എല്ലാം യു.ഡി.എഫ് പിടിച്ചു. േബ്ലാക്ക് പഞ്ചായത്തുകളിൽ 15ൽ 14 ഉം യു.ഡി.എഫിനൊപ്പമെത്തി. പൊന്നാനിയിൽ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് അധികാരം നിലനിർത്തി.

നേട്ടങ്ങൾ വാരിക്കൂട്ടി ഫെമിനിച്ചി ഫാത്തിമ

യാഥാസ്ഥിതിക വീട്ടകങ്ങളിലെ കൊച്ചു സംഭവങ്ങൾ നർമവും ചിന്തയും കലർത്തി ഫെമിനിച്ചി ഫാത്തിമയെന്ന സിനിമയിലേക്കെത്തിയപ്പോൾ അർഹിച്ച അംഗീകരമാണ് പൊന്നാനിക്കാരനായ ഫാസിൽ മുഹമ്മദിന് ലഭിച്ചത്. നവാഗത സംവിധായകനുള്ള പുരസ്ക്കാരം, മികച്ച നടിക്കുള്ള അവാർഡ്, മികച്ച രണ്ടാമത്തെ സിനിമക്കുള്ള അവാർഡ് എന്നിവ നേടി ആദ്യ സിനിമയിലൂടെ ഹാട്രിക് മധുരമാണ് ഫാസിൽ കൊയ്തത്. മികച്ച അഭിനേത്രിക്കുള്ള പുരസ്കാരം ലഭിച്ചത് ഈ സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച മേലാറ്റൂർ സ്വദേശിനിയായ ഷംല ഹംസക്കാണ്.

എം.എസ്.പിയിൽനിന്ന് വിരമിച്ച് ഐ.എം. വിജയൻ

ഇന്ത്യൻ ഫുട്ബാളിന്‍റെ കറുത്തമുത്ത് ഐ.എം വിജയൻ 2025 ഏപ്രിൽ 30ന് കേരള പോലീസിൽനിന്നും വിരമിച്ചു. നീണ്ട 38 വർഷക്കാലത്തെ സേവനത്തിന് ശേഷം മലപ്പുറം എം.എസ്.പി അസി. കമാൻഡന്ററ് പദവിയിലിരിക്കെയാണ് വിരമിക്കൽ.

കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂർ

മേയ് 15നാണ് ആ നടുക്കുന്ന സംഭവം അരങ്ങേറിയത്.കല്ലാമൂല കവളപ്പറമ്പിൽ ഗഫൂറലി (43)യാണ് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാളികാവ് പഞ്ചായത്തിലെ അടക്കാകുണ്ട് റാവുത്തൻകാട്ടിൽ ടാപ്പിങ്ങിനിടെയാണ് ഗഫൂറലിയുടെ നേരെ കടുവ ആക്രമണം ഉണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - As we bid farewell to 2025...a look back at the district
Next Story